പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാർത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് പൊലീസിൻ്റെ എതിർപ്പ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇളവ് തേടിയത്.

എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ ഇളവ് ആവിശ്യപെട്ടാണ് ഹർജി. ഇളവ് അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കി.

സ്ഥാനാർത്ഥി എന്ന നിലയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇളവ് തേടി ഹർജി സമർപ്പിച്ചത്. പൂരം കലക്കല്‍ ഗൂഢാലോചനക്കെതിരെയുള്ള സമരത്തിന്റെ ഭാഗമാണ് താനെന്നും, തന്നെ സ്ഥിരം കുറ്റവാളിയെന്ന് കാണിക്കുന്നത് തെറ്റാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഹർജിയില്‍ തിരുവനന്തപുരം സിജെഎം കോടതി നാളെ വിധി പ്രഖ്യാപിക്കും.