റാസൽഖൈമ: തങ്ങളുടെ വാഹനങ്ങളും വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകാതിരിക്കാൻ ബോധവൽകരണ കാമ്പയിനുമായി റാസൽഖൈമ പോലീസിന്റെ ജനറൽ കമാൻഡ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് തങ്ങളുടെ വിലപിടിപ്പുള്ള കാറുകൾ സുരക്ഷിതമാക്കാനുള്ള വഴികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

‘നിങ്ങളുടെ വാഹനവും വിലയേറിയ സ്വത്തുക്കളും മോഷണത്തിൽനിന്ന് സംരക്ഷിക്കുക’ എന്ന പ്രമേയം ഉയർത്തുന്ന കാമ്പയിൻ, കാർ മോഷണവും വാഹനത്തിന്റെ ഗ്ലാസുകൾ തകർത്തുള്ള കവർച്ചകളും തടയുന്നതിന് ലളിതവും എന്നാൽ ഫലപ്രദവുമായ മുൻകരുതലുകൾ സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

കാറിൽ വില പിടിപ്പുള്ള സാധനങ്ങൾ പുറത്തുള്ളവർക്ക് കാണാവുന്ന വിധം ഉപേക്ഷിച്ച് പോകരുതെന്ന് റാസൽഖൈമ പോലീസ് പറയുന്നു. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം കൊണ്ടുപോവാൻ ശ്രമിക്കുക. കൂടെ കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യങ്ങളിൽ അത് കാറിനകത്ത് വെക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് കാണാൻ പാകത്തിൽ പുറത്തുവെക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ഡ്രൈവർ കാറിൽ ഇല്ലാത്ത സമയങ്ങളിൽ എഞ്ചിൻ പ്രവർത്തിപ്പിക്കരുത് എന്നതാണ് പോലീസ് നൽകുന്ന മറ്റൊരു നിർദേശം. കുറച്ച് സമയത്തേക്കാണെങ്കിൽ പോലും കാർ എഞ്ചിൻ ഓണാക്കി വാഹനത്തിന് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. വാഹനത്തിന്റെ താക്കോലുകൾ വാഹനത്തിനുള്ളിൽ വെക്കാതിരിക്കാനും ശ്രദ്ധിക്കണം.

സ്‌പെയർ കീകൾ വാഹനത്തിൽനിന്ന് അകലെ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക, വാഹനം പാർക്ക് ചെയ്ത് പോകുമ്പോൾ വാഹനം ലോക്ക് ചെയ്തിട്ടുണ്ടെന്നും വിൻഡോ ഗ്ലാസ്സുകൾ തുറന്നിട്ടില്ലെന്നും പരിശോധിച്ച് ഉറപ്പുവരുത്തുക, എല്ലാവർക്കും കാണാവുന്നതും നല്ല വെളിച്ചമുള്ളതും നിരീക്ഷണ കാമറകൾ ഉള്ളതുമായ പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക തുടങ്ങിയവയാണ് വാഹനം സുരക്ഷിതമാക്കാനുള്ള മറ്റു പ്രധാന വഴികൾ. ഇവയ്ക്കു പുറമെ, നിങ്ങളുടെ വാഹനത്തെ ഒരു അലാറം സിസ്റ്റം ഉപയോഗിച്ച് സുരക്ഷിതമാക്കാൻ ശ്രദ്ധിക്കണമെന്നും റാസൽ ഖൈമ പോലീസ് അറിയിച്ചു.