വർഷം 2018. ജീവകാരുണ്യത്തിനുള്ള ലൈഫ് ടൈം ആച്ചീവ്മൻ്റ് അവാർഡ് നൽകാൻ ചാൾസ് രാജകുമാരൻ തെരഞ്ഞെടുത്തത് രത്തൻ ടാറ്റയെ. ഇന്ത്യക്ക് തന്നെ ഏറെ അഭിമാനകരമായ ഒരു നിമിഷം. രത്തൻ ടാറ്റക്ക് ആദരം ഏറ്റുവാങ്ങാനായുള്ള ആ അമൂല്യമായ ക്ഷണക്കത്തും കിട്ടി. പക്ഷേ ബക്കിങ്ഹാം പാലസിനെ വിസ്മയിപ്പിച്ച ഒരു മറുപടിയാണ് ടാറ്റ തിരികെ നൽകിയത്. തൻ്റെ വളർത്തുനായക്ക് സുഖമില്ലാത്തതിനാൽ വരാനാകില്ല.. പുരസ്കാരം സ്വീകരിക്കാൻ ബക്കിങ്ഹാം പാലസിലേക്ക് അനുയായികളെ അയച്ചു.

ചാൾസ് രാജകുമാരനെ പോലും അമ്പരപ്പിച്ച രത്തൻ ടാറ്റ ലോകമെമ്പാടും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ചിട്ടുള്ള വ്യവസായി ആണ്. മാൻ വിത്ത് ഗോൾഡൻ ഹാർട്ട് എന്നാണ് വിശേഷണം. സ്വർണ ഹൃദയമുള്ള ടാറ്റ.. ഇന്ത്യൻ കോർപ്പറേറ്റ് രംഗത്ത് സമാനതകളില്ലാത്ത പ്രതിച്ഛായ നേടിയ വ്യക്തിയാണ് ഇദ്ദേഹം. പ്രായമായവരും യുവാക്കളും ഒക്കെ ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.
ടാറ്റ ഗ്രൂപ്പിൻ്റെ ബിസിനസ് പുനക്രമീകരിച്ച് ശതകോടികളുടെ നേട്ടമാണ് അദ്ദേഹം വിവിധ ബിസിനസുകൾക്കും നിക്ഷേപകർക്കും നൽകിയത്.

ലാഭത്തിലേറെയും ജീവകാരുണ്യത്തിന്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉദാരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബിസിനസ് പുനക്രമീകരണം . ശ്രദ്ധേയമായ ഏറ്റെടുക്കലുകൾ. ടെറ്റ്‌ലിയെ ഏറ്റെടുക്കാൻ ടാറ്റ ടീയും ജാഗ്വാർ ലാൻഡ് റോവർ ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്‌സും മുന്നോട്ട് വന്നതാണ് ഒരുദാഹരണം. സാധരണക്കാർക്കായി ടാറ്റ നാനോയും ടാറ്റ ഇൻഡിക്കയും ഉൾപ്പെടെയുള്ള ജനപ്രിയ കാറുകൾ ഇറങ്ങിയത് അദ്ദേഹത്തിൻ്റെ നി‍ർദേശപ്രകാരമാണ്. ജീവകാരുണ്യത്തിനായും സമ്പത്തിൻ്റെ നല്ലൊരു ഭാഗം ചെലവഴിച്ചു.

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന പദവി ടാറ്റയ്ക്ക് നഷ്ടമാക്കിയെങ്കിലും ആ കരുതലിൻ്റെ തണൽ അനുഭവിച്ചവരൊട്ടേറെ. ലാഭത്തിൻ്റെ 60 ശതമാനത്തിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന എത്ര വ്യവസായികളുണ്ട് ഇന്ത്യയിൽ?

രണ്ട് തവണ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിരുന്നു. ജംഷെഡ്ജി ടാറ്റയുടെ ചെറുമകൻ ഇന്ത്യൻ വ്യവസായ രംഗത്തിന് മാത്രമല്ല ലോകത്തിനും ആരാധ്യനാണ്. ആർക്കിടെക്ചർ ഇഷ്ടപ്പെട്ട ടാറ്റ യുഎസിൽ നിന്ന് ആർക്കിടെക്ചർ, സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ബിരുദമാണ് ആദ്യം നേടിയത്. എന്നാൽ പിന്നീട് ബിസിനസ് പഠനത്തിലേക്ക് തിരിഞ്ഞു. ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് അഡ്വാൻസ്‌ഡ് മാനേജ്‌മെൻ്റ് പ്രോഗ്രാം പൂർത്തിയാക്കി.

1962-ൽ ടാറ്റ ഗ്രൂപ്പിൽ അസിസ്റ്റൻ്റായി യാത്ര ആരംഭിച്ച അദ്ദേഹം 1991-ൽ ടാറ്റ് ഗ്രൂപ്പിൻെറ അടുത്ത പിൻഗാമിയായി. ജെആർഡി ടാറ്റ സൺസിൻ്റെ ചെയർമാൻ സ്ഥാനമൊഴിഞ്ഞതോടെയായിരുന്നു ഇത്. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് ഒട്ടേറെ നാഴികക്കല്ലുകൾ താണ്ടി. ശ്രദ്ധേയമായ നിരവധി ഏറ്റെടുക്കലുകളും ബിസിനസ് വളർച്ചയും. ഇന്നും ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ അടിസ്ഥാനം രത്തൻ ടാറ്റയുടെ ദീർഘവീഷണവും കാഴ്ചപ്പാടുകളുമാണ്.