നവംബർ 17 മുതൽ 24 വരെ ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ എന്നിവയുൾപ്പെടെ 20 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’ ആചരിക്കും. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ 2015 മുതൽ നടത്തിക്കൊണ്ടിരിക്കുന്ന സംരംഭമാണിത്. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ ആഗോളശ്രദ്ധ കേന്ദ്രീകരിക്കാനാണ് ‘റെഡ് വീക്ക്’ ആചരിക്കുന്നത്.
ബ്രസീലിലെ പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപമാണ് ആദ്യമായി ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചത്. അതിനുശേഷം കൂടുതൽ രാജ്യങ്ങൾ ഈ പരിപാടിയിൽ ചേർന്നു. ഈ വർഷം സ്പെയിൻ, പോർച്ചുഗൽ, സ്ലൊവാക്യ, ഇറ്റലി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും പങ്കെടുക്കും. റോമിലെ കൊളോസിയം, ഇറ്റലിയിലെ ട്രെവി ഫൗണ്ടൻ, മെക്സിക്കോയിലെ കത്തീഡ്രൽ ഓഫ് ടോലൂക്ക തുടങ്ങിയ പ്രശസ്ത സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിക്കും.
അതോടൊപ്പം റെഡ് വീക്കിൽ ക്രിസ്ത്യാനി ആയതിന്റെ പേരിൽ പീഡനങ്ങൾ അനുഭവിച്ച കത്തോലിക്കരുടെ സാക്ഷ്യവും ഉൾപ്പെടുന്നു. മാലിയിൽ മുസ്ലീം തീവ്രവാദികൾ അഞ്ചുവർഷത്തോളം ബന്ദിയാക്കിയ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗമായ സി. ഗ്ലോറിയ സിസിലിയ നർവേസ് പങ്കാളിയാകും.