യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. യമനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിനേശൻ എന്നയാളാണ് പുതിയ പ്രതീക്ഷയ്ക്ക് വകനൽകുന്ന വിവരം പുറത്തുവിട്ടത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകൾ കൃത്യമായി തയ്യാറാക്കപ്പെടുന്നുണ്ടെന്നും, നിമിഷയുടെ മാതാവുമായി സംസാരിച്ചിരുന്നുവെന്നും ദിനേശൻ പറഞ്ഞതയി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
പത്ത് വർഷത്തിലധികം യമനിൽ കുടുങ്ങിപ്പോയ തൃശൂർ സ്വദേശി കെ.കെ. ദിനേശൻ, നിമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ സഹായത്തോടെയാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. യമനിലെ മലയാളി സമൂഹം മുഴുവൻ നിമിഷയുടെ മോചനത്തിനായി പ്രാർത്ഥിക്കുകയാണെന്നും ദിനേശൻ പറഞ്ഞു.
യമനിലെ മലയാളികൾക്കിടയിൽ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്നും, വധശിക്ഷ നടപ്പിലാക്കാനാണെങ്കിൽ വളരെ മുമ്പേ ആകാമായിരുന്നെന്നും നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമായ കാര്യമാണെന്നും ദിനേശൻ വ്യക്തമാക്കി.
2014ൽ ജോലി തേടി യമനിലെത്തിയ ദിനേശൻ, യുദ്ധം പൊട്ടിപുറപ്പെട്ടതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങി. ആദ്യത്തെ രണ്ടുവർഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് 2021ൽ യമനിലെ മലയാളി അസോസിയേഷൻ്റെയും സാമുവേൽ ജെറോമിൻ്റെ തീവ്രപ്രയത്നങ്ങളും ഒടുവിൽ ഫലം കണ്ടതോടെയാണ് ദിനേശന് നാട്ടിലെത്താൻ കഴിഞ്ഞത്.