സിനിമ നിർമാണ രംഗത്തേക്ക് റിലയൻസും? കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസ് റിലയൻസ് ഏറ്റെടുത്തേക്കും. കരൺ ജോഹറിനെ പോലെ എൻറർടെയ്ന്റ്മൻ്റ് രംഗത്ത് സ്വാധീനമുള്ളവർ റിലയൻസ് ബോർഡിൽ എത്തുന്നത് റിലയൻസിനും നേട്ടമാകും. അതേസമയം എത്ര തുകക്കാണ് ഏറ്റെടുക്കൽ എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. റിലയൻസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സഹകരണം നേട്ടമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ വയകോം18 സ്റ്റുഡിയോ, കൊളോസിയം മീഡിയ തുടങ്ങിയവ ഇതിനോടകം തന്നെ റിലയൻസ് ഏറ്റെടുത്തിട്ടുണ്ട്.

എയർടെൽ, ടാറ്റ സൺസിൻ്റെയും വാൾട്ട് ഡിസ്നിയുടെയും ഉടമസ്ഥതയിലുള്ള ഡിടിഎച്ച് കമ്പനിയായ ടാറ്റ പ്ലേയെ ഏറ്റെടുക്കും എന്ന വാർത്തകൾ വരുന്നതിനിടയിലാണ് റിലയൻസിൻ്റെ പുതിയ നീക്കം.
ബാലാജി ടെലിഫിലിംസിലെ 24.9 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് റിലയൻസ് നേരത്തെ 413 കോടി രൂപ നിക്ഷേപിച്ചിരുന്നു. ധർമ്മയെ സംബന്ധിച്ചിടത്തോളം, സിനിമാ വ്യവസായ രംഗത്ത് ഒട്ടേറെ മാറ്റങ്ങളുണ്ട്. ഉപഭോക്താക്കളുടെ മുൻഗണനകൾ മാറിയതും വലിയ മത്സരവും സാമ്പത്തിക ഞെരുക്കത്തിലേക്ക് കമ്പനിയെ നയിച്ചിരുന്നു.

ഒരു സിനിമയുടെ ബജറ്റിൻ്റെ 70 ശതമാനവും താരങ്ങളുടെ ശമ്പളം ചെലവഴിക്കാൻ വേണ്ടി വരുന്നതും പ്രതിസന്ധിയാണ്. 1979-ൽ യാഷ് ജോഹർ സ്ഥാപിച്ച കമ്പനിയാണ് ധർമ്മ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയാണ് ഇത്. യാഷ് ജോഹറിൻ്റെ മരണശേഷമാണ് മകൻ കരൺ ജോഹർ ഇത് ഏറ്റെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഹിന്ദി ചിത്രങ്ങൾ ആണ് കൂടുതൽ നിർമ്മിക്കുന്നത്. ഡിസ്ട്രിബ്യൂഷൻ രംഗത്തു നിന്നും മികച്ച വരുമാനം നേടിയിരുന്നെങ്കിലും ഇപ്പോൾ പ്രതിസന്ധിയിലാണ്.