ന്ത്യൻ സൈന്യത്തിന്റെ ഉപയോഗത്തിനായി വാഹനങ്ങൾ സമ്മാനിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ റെനോ ഇന്ത്യ. റെനോയുടെ വാഹനനിരയിലെ മികച്ച മോഡലുകളായ കൈഗർ, ക്വിഡ്, ട്രൈബർ എന്നീ മോഡലുകളാണ് സൈന്യത്തിനായി നൽകിയിരിക്കുന്നത്. ഇന്ത്യൻ ആർമി നോർത്തേൺ കമാന്റഡിന്റെ 14 കോർപ്സിനാണ് റെനോ ഈ വാഹനങ്ങൾ സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്നവരുടെ ക്ഷേമം ഞങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്.

ഈ വാഹനങ്ങൾ ആർമിയുടെ 14 കോർപ്സ് നോർത്തേൺ കമാന്റിന്റെ യാത്രസൗകര്യങ്ങളും കാര്യക്ഷമതയും വർധിപ്പിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്ന് റെനോ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് മേധാവി സുധീർ മൽഹോത്ര അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതിനൊപ്പം അവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള റെനോ ഇന്ത്യയുടെ നന്ദിയും കടപ്പാടുമാണ് ഈ വാഹനങ്ങൾ സമ്മാനിക്കുന്നതിലൂടെ അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മൂന്ന് വാഹനങ്ങളാണ് റെനോ ഇന്ത്യയുടെ വാഹനശ്രേണിയിൽ ഉള്ളത്. ഈ മൂന്ന് മോഡലുകളും അവർ സൈന്യത്തിന് നൽകിയിട്ടുണ്ട്. കോംപാക്ട് എസ്.യു.വി. മോഡലായ റെനോ കൈഗർ, എൻട്രി ലെവൽ എം.പി.വിയായ ട്രൈബർ, ഹാച്ച്ബാക്ക് പതിപ്പായ ക്വിഡ് എന്നിവയാണ് ഈ മോഡലുകൾ. ഫീച്ചർ സമ്പന്നമായ ക്വിഡിന്റെ ആർ.എക്സ്.എൽ ഓപ്ഷണൽ പതിപ്പാണ് സൈന്യത്തിനായി നൽകിയിരിക്കുന്നതെന്നാണ് സൂചനകൾ. 4.69 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.