സഭയുടെ നവീകരണത്തിനായി ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് സേവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. വി. വിൻസെന്റ് ഡി പോൾ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച്, സുപ്പീരിയർ ജനറൽ ടോമാസ് മാവ്‌റിക്കിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓർമപ്പെടുത്തിയത്.

“സഭയുടെ നവീകരണത്തിനായി ദരിദ്രരെ സഹായിക്കുന്നതിലും ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് സേവിക്കണമെന്ന വി. വിൻസെന്റിന്റെ ആശയത്തിന്റെ പ്രാധാന്യവും ഈ വാർഷിക ആഘോഷങ്ങൾ ഉയർത്തിക്കാട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്രിസ്തുവിന്റെ ദരിദ്രരോടുള്ള മുൻഗണനയിൽ നിന്നും പ്രചോദിതമായി രൂപംകൊണ്ട ഈ സന്യാസിനീ സമൂഹത്തിന്റെ വാർഷികം വലിയ സന്തോഷത്തിന്റെ അവസരമായിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു”- പാപ്പ പറഞ്ഞു.

ഈ കത്തിൽ പരിശുദ്ധ പിതാവ് മിഷനറിമാരുടെ ജീവിതത്തെ പ്രശംസിക്കുകയും ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും സഹായിക്കാൻ മിഷൻ പ്രദേശങ്ങളിൽ സേവനം ചെയ്യുന്ന പുരോഹിതരോടും സമർപ്പിതരോടും അഭ്യർഥിക്കുകയും ചെയ്തു. വിശുദ്ധ വിൻസെന്റ് ഡി പോൾ സാർവത്രിക സഭയിലേക്ക് പകർന്നുനൽകിയ ആത്മീയ പൈതൃകം, അപ്പോസ്തോലിക തീക്ഷ്ണത, അജപാലന സേവനങ്ങൾ എന്നിവയെ കുറിച്ചും പാപ്പ അനുസ്മരിച്ചു.