തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കലോത്സവ റിപ്പോർട്ടിംഗിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. ചാനലിലെ അവതാരകനായ അരുൺകുമാർ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ചാനൽ മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയ ബാലാവകാശ കമ്മീഷൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഒപ്പന മത്സരാർത്ഥികളോട് റിപ്പോർട്ടർ ടിവി അവതാരകൻ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചെന്നാണ് കണ്ടെത്തൽ.
ഒപ്പനയിൽ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് റിപ്പോർട്ടർ ടിവിയിലെ മാദ്ധ്യമപ്രവർത്തകൻ ഷഹബാസ് നടത്തിയ സംഭാഷണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഷഹബാസിന്റെ സംസാരത്തിൽ ദ്വയാർത്ഥ പ്രയോഗമുണ്ടെന്നാണ് ആരോപണം. തുടർന്നുണ്ടായ വാർത്താ അവതരണത്തിൽ അരുൺ കുമാറും സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.