76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും റിപ്പബ്ലിക് ദിനം ആഘോഷങ്ങള്‍ നടന്നു.
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാരായ ജിആർ അനില്‍, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എഎ റഹീം തുടങ്ങിയ ജനപ്രതിനിധികളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യൻ കരസേനയുടെ കമാൻഡർ മേജർ ജെ അജന്തറാണ് പരേഡ് നയിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി. സെൻട്രല്‍ സ്റ്റേഡിയത്തിന് പുറമേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികള്‍ നടന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കർണാടക സ്റ്റേറ്റ് റിസർവ് പോലീസും പരേഡില്‍ അണിനിരന്നു.
ഹൃദയത്തില്‍ നിന്ന് കേരളത്തിലെ മുഴുവൻ ജനങ്ങള്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു എന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. കേരളം സമ്ബൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമാണെന്നും എല്ലാ രംഗത്തും മികവുപുലർത്തിയ സംസ്ഥാനമാണെന്നും അതില്‍ അഭിമാനിക്കുന്നു എന്നും ഗവർണർ പറഞ്ഞു. പത്മ പുരസ്കാരങ്ങള്‍ നേടിയ കേരളത്തിന്‍റെ അഭിമാനമായ വ്യക്തിത്വങ്ങളെ വേദിയില്‍ വച്ച് ഗവർണർ അഭിനന്ദിച്ചു. കേരളം ഒന്നിനും പിറകിലല്ലെന്നും വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല എന്നും ഗവർണർ കൂട്ടിച്ചേർത്തു.
നമുക്ക് ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന്. മുഖ്യമന്ത്രിക്ക് കേരളത്തിനെ പറ്റി ചിന്തയുണ്ട്. കേരള വികസനത്തെ പറ്റി അദ്ദേഹത്തിന് പദ്ധതികളുണ്ടെന്നും പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ഇരുന്ന് വികസനത്തെ പറ്റി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.