ളർത്തുപൂച്ചയുടെ ഒരു ചാട്ടം. ആ ചാട്ടംകൊണ്ട് ചൈനീസ് യുവതിക്ക് നഷ്ടമായത് ജോലിയും വർഷാവസാന ബോണസും. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ക്വിങ് സ്വദേശിയായ 25-കാരിയാണ് പൂച്ച കാരണം തനിക്ക് ജോലി നഷ്ടമായെന്ന് പറയുന്നത്. സംഗതി ഇങ്ങനെ: യുവതി ലാപ്ടോപ്പിൽ രാജിക്കത്ത് തയ്യാറാക്കുകയും അത് മേധാവിക്ക് അയക്കണോ വേണ്ടയോ എന്ന സംശയത്തിൽ ഇരിക്കുകയുമായിരുന്നു.

ഈ സമയം അവരുടെ വളർത്തുപൂച്ചകളിൽ ഒന്ന് മേശയിലേക്ക് ചാടുകയും ലാപ്ടോപ്പിന്റെ എന്റർ കീയിൽ അമർത്തുകയുമായിരുന്നെന്ന് യുവതി പറയുന്നു. ഇതോടെ രാജിക്കത്ത് ഉൾപ്പെട്ട ഇ മെയിൽ തൊഴിൽമേധാവിക്ക് പോവുകയും ചെയ്തു. ജനുവരി അഞ്ചാം തീയതിയായിരുന്നു സംഭവം. 

ഒന്നും രണ്ടുമല്ല ഒൻപതു പൂച്ചകളെയാണ് യുവതി വളർത്തുന്നത്. ഇവയെ സംരക്ഷിക്കാൻ പണം ആവശ്യമായതിനാലാണ് രാജിക്കത്ത് ടൈപ്പ് ചെയ്തുവെച്ചിട്ടും താൻ അയക്കാതിരുന്നതെന്ന് യുവതി കൂട്ടിച്ചേർത്തു. എന്നാൽ ഈ സമയം ചാടിവീണ പൂച്ച ‘സ്വന്തംനിലയ്ക്ക്’ രാജിക്കത്ത് അയക്കുകയും ചെയ്തു. ഇതോടെ യുവതി തൊഴിൽമേധാവിയെ ബന്ധപ്പെടുകയും സംഭവം വിശദീകരിക്കുകയും ചെയ്തു. എന്നാൽ തൊഴിൽമേധാവി യുവതിയുടെ വാദംതള്ളി. രാജിക്കത്ത് അംഗീകരിച്ചതോടെ ജോലിയും വർഷാവസാനമുള്ള ബോണസും യുവതിക്ക് നഷ്ടമായി.

പൂച്ചകളെ സംരക്ഷിക്കാൻ പണം ആവശ്യമായതിനാൽ പുതിയ ജോലിക്കുള്ള അന്വേഷണത്തിലാണ് യുവതി. സ്പ്രിങ് ഫെസ്റ്റിവൽ അഥവാ ചൈനീസ് പുതുവർഷത്തിനു ശേഷം തൊഴിലന്വേഷണം ഊർജിതമാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. പൂച്ച രാജിക്കത്ത് അയക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും യുവതി പറയുന്നു.