മേപ്പാടിയിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ.രാജൻ. റവന്യൂ വകുപ്പ് നൽകിയ ഒരു കിറ്റിൽപ്പോലും യാതൊരു കേടുപാടുമില്ല. ഇത് പകൽ പോലെ വ്യക്തമാണ്. ആർക്ക് വീഴ്ചപറ്റിയാലും ഇത് ​ഗുണകരമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒക്ടോബർ 30-നും നവംബർ ഒന്നിനും എസ്.ജെ.എം.എസ്. സ്കൂളിൽനിന്ന് സാധനങ്ങൾ വിതരണംചെയ്ത ഏഴ് പഞ്ചായത്തുകളുണ്ടെന്നും അതിൽ ഒരു മുനിസിപ്പാലിറ്റിയും ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണുള്ളതെന്നും മന്ത്രി കെ രാജൻ ചൂണ്ടിക്കാട്ടി. ആ ഏഴിടത്ത് ഇവിടെ മാത്രം എങ്ങനെയാണ് പരാതിയുണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം ഇത് ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരിയല്ലെന്നും വ്യക്തമാക്കി. 

“ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരി ചാക്കിലാണ്. ഇതിൽ രണ്ടുതരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഇല്ല. ഈ സാധനങ്ങൾ അവസാനം വിതരണം ചെയ്തത് സെപ്റ്റംബർ ഒമ്പതിനാണ്. ആ കൂട്ടത്തിൽ അരി, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല, പാൽപ്പൊടി, ചായപ്പൊടി, ഉപ്പ് റവ, മീറ്റ് മസാല, ചിക്കൻ മസാല എന്നിവയും തുണിത്തരങ്ങളും ചില ​ഗൃഹോപകരണങ്ങളുമുണ്ട്. അതാണിപ്പോൾ വിതരണം ചെയ്തതെങ്കിൽ ​ഗുരുതരമായ തെറ്റായി. രണ്ടുമാസക്കാലം ഇങ്ങനെ എടുത്തുവെയ്ക്കാൻ ആർക്കും അധികാരമില്ല.