വിശാഖപട്ടണം: ലഖ്നൗ സൂപ്പർ ജയന്റ്സിനും പുതിയ ക്യാപ്റ്റൻ ഋഷഭ് പന്തിനും ഇത്തവണത്തെ ഐപിഎല്ലിൽ നിരാശ നിറഞ്ഞ തുടക്കമായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരവും ലഖ്നൗ തോറ്റു. ഋഷഭ് പന്തിന്റെ പ്രകടനവും ദയനീയമായിരുന്നു. കഴിഞ്ഞദിവസം പഞ്ചാബിനെതിരേ എട്ട് വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്. ഇതിന് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പന്തുമായി ദീർഘനേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സാമൂഹികമാധ്യമങ്ങളിൽ ഇത് വൻ ചർച്ചയായി.
മത്സരശേഷം ടീമിലെ നായകന്മാരുമായി ഗോയങ്ക ചർച്ചനടത്തുന്നത് ഇതാദ്യമല്ല. ഇതിന് മുമ്പ് നായകനായിരുന്ന കെ.എൽ. രാഹുലിനോടും ഗോയങ്ക അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 2024 ഐപിഎല്ലിന്റെ സമയത്ത് ഒരു മത്സരത്തിലെ തോൽവിക്കു ശേഷം അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കെ.എൽ രാഹുലിനോട് മൈതാനത്തുവെച്ച് അതൃപ്തിയോടെ സംസാരിച്ച ഗോയങ്കയുടെ പ്രവൃത്തി വൻ ചർച്ചയായിരുന്നു. സമാനമായിരുന്നു ചൊവ്വാഴ്ചത്തെതും. പന്തിനുനേരെ ഗോയങ്ക വിരൽചൂണ്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പന്തിനെതിരേ വിമർശനങ്ങളുയരുകയാണ്. 27 കോടി മുടക്കി ടീമിലെത്തിച്ചിട്ടും ദയനീയപ്രകടനം തുടരുന്നത് ആരാധകർക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ കൈയിലിരുന്ന മത്സരമാണ് അവസാന നിമിഷം ടീം കൈവിട്ടത്. മത്സരത്തിൽ ഡക്കായും അവസാന ഓവറിലെ നിർണായക സ്റ്റമ്പിങ് നഷ്ടപ്പെടുത്തിയും പന്തിനും മത്സരം അത്ര നല്ലതായിരുന്നില്ല. തോൽവിക്കു ശേഷം പന്തുമായി പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീം ഉടമ സഞ്ജീവ് ഗോയങ്കയും ദീർഘ നേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാരിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചെങ്കിലും മൂന്നാം മത്സരത്തിൽ തോറ്റത് തിരിച്ചടിയായി.