ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണത്തോടെ വിവാദച്ചുഴിയിൽ അകപ്പെട്ട നടിയാണ് റിയാ ചക്രവർത്തി. കേസിനോട് അനുബന്ധിച്ച് ജയിൽ വാസവും താരം അനുഭവിച്ചിട്ടുണ്ട്. അടുത്ത കാലത്ത് സ്വന്തം പോഡ്കാസ്റ്റ് ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ആമിർ ഖാൻ, ഫർഹാൻ അക്തർ- ശിബാനി ദണ്ടേകർ, സുഷ്മിത സെൻ തുടങ്ങി നിരവധി പേർ ഷോയിൽ പങ്കെടുക്കുകയും എപ്പിസോഡുകൾ ജനശ്രദ്ധ നേടുകയും ചെയ്തു. ഗായകൻ ഹണിസിങ്ങുമായുള്ള എപ്പിസോഡിൽ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജയിൽ അനുഭവങ്ങളും താരം ഷോയിൽ പറയുന്നുണ്ട്.
ബൈപോളാർ ഡിസോഡറിന്റെ വളരെ അടുത്തെത്തിയ വ്യക്തിയാണ് ഞാൻ. നിങ്ങളുടെ(ഹണി സിങ്) അഭിമുഖങ്ങളിൽ പങ്കുവെയ്ക്കുന്ന അനുഭവങ്ങൾ പോലെ ഞാനും ആ ഘട്ടത്തിൽ നിന്ന് മുന്നോട്ട് പോയിട്ടുണ്ട്. ഈ രോഗാവസ്ഥയെല്ലാം വളരെ സ്വകാര്യതയുള്ള കാര്യങ്ങളാണ്. പലരും സ്വന്തം അനുഭവങ്ങൾ പങ്കുവെയ്ക്കാൻ പോലും മടിച്ചുനിൽക്കുന്നവരാണ്. ആ ഘട്ടത്തിൽ ഒരു സൂപ്പർ സ്റ്റാർ മുന്നോട്ട് വന്നു തുറന്നു പറയുന്നത് വലിയ കാര്യമാണ്.
ആളുകൾക്ക് ബൈപോളാർ ഡിസോഡറിനെ കുറിച്ച് അറിയില്ല. രോഗിക്ക് ഭ്രാന്താണെന്നോ ബാധ കേറിയെന്നോ ആണ് ചുറ്റുമുള്ളവർ കരുതുന്നത്. ഞാൻ ജയിലിലുള്ളപ്പോൾ മാധ്യമ സെൻസേഷനായ കേസുകളിലെ പ്രതികളെ ആത്മഹത്യ നിരീക്ഷണം നടത്തുമായിരുന്നു. ഏകാന്ത തടവിലായിരുന്നത് എന്നെ നോക്കിയിരുന്നത് രണ്ട് വനിത പോലീസുകാരികളായിരുന്നു. അവരോട് ഞാൻ മാനസികാരോഗ്യത്തെ കുറിച്ച് ധാരാളം സംസാരിച്ചു. 15 ദിവസത്തോളം ഞാൻ നിരന്തരം ഇവരോട് മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചു.
16ാം ദിവസം അതിലൊരു സ്ത്രീ എന്നോട് പറഞ്ഞു അവർ അവരുടെ ഗ്രാമത്തിൽ പോവുകയാണെന്ന്. അവരുടെ ഭർത്താവിനെ ബാധകൂടിയതാണെന്ന് പറഞ്ഞ് ഗ്രാമത്തിലെ ആൽമരത്തിൽ കെട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞു. ഭർത്താവിന് മാനസിക പ്രശ്നമാണെന്ന് ആ വനിത പോലീസുകാരി മനസിലാക്കി. മാനസിക പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കി കൊടുത്തതിന് അവർ എന്നോട് നന്ദി പറഞ്ഞു. ജാമ്യം കിട്ടിയ ദിവസം അവർ എന്നെ കാണാൻ വന്നിരുന്നു ഭർത്താവിന് ബൈപോളാർ ഡിസോഡറാണെന്ന് കണ്ടെത്തിയെന്ന് അവർ പറഞ്ഞു. ആ മനുഷ്യനെ രക്ഷിക്കാനായിരിക്കണം ഒരുപക്ഷേ എന്റെ ജയിൽവാസം.
സുശാന്ത് സിങ്ങിന്റെ മരണത്തോട് അനുബന്ധിച്ച് ലഹരി സംബന്ധ ചാർജുകൾ ചെയ്താണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തത്.