തിരുവനന്തപുരം: ശബരിമലയിലെ തീർഥാടനം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി പുതിയ നടപടികൾ പ്രഖ്യാപിച്ച് സർക്കാർ. ശബരിമലയിൽ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമേ ദർശനം അനുവദിക്കൂ എന്നും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. 

തിരക്ക് ഒഴിവാക്കാനും തീർഥാടകർക്ക് കൂടുതൽ സുഖകരമായ അനുഭവം നൽകാനുമായി വിർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ തീർഥാടകർക്ക് തങ്ങളുടെ ദർശന സമയം മുൻകൂട്ടി ബുക്ക് ചെയ്യാനും തിരക്ക് കുറഞ്ഞ യാത്രാ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും.

തിരക്കേറുന്ന സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാല്‍ പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം വർധിപ്പിക്കും. ശബരിമലയിലേക്കുള്ള റോഡുകളും പാർക്കിങ് ഗ്രൗണ്ടുകളും പൂർണമായും അറ്റകുറ്റപ്പണി ചെയ്ത് സുഗമമായ ഗതാഗതം ഉറപ്പാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി ആവശ്യമായ പരിശീലനം നൽകും. ശബരി ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ ഈ മാസം 31-നകം പൂർത്തിയാകും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.

യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.