ഈവർഷം ജനുവരിയിലാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽവെച്ച് ആക്രമിയുടെ കുത്തേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നടൻ ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാൻ. ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറയാമെന്നും ജീവിതം എത്രത്തോളം അനിശ്ചിതത്ത്വം നിറഞ്ഞതാണെന്നാണ് ഇത്തരം സംഭവങ്ങൾ ഓർമപ്പെടുത്തുന്നതെന്നും സാറ എൻഡി ടിവിയോട് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റിരുന്ന സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ച് തിരികെവന്നതിലുള്ള നന്ദിയും സാറ പ്രകടിപ്പിച്ചു. ‘യഥാർഥത്തിൽ നമ്മളെ ബാധിക്കുന്ന കാര്യങ്ങളെന്താണെന്ന് ഈ സംഭവത്തോടെ തിരിച്ചറിഞ്ഞു. കുടുംബം ഒന്നടങ്കം എല്ലാവരോടുമുള്ള നന്ദിയാണ് പ്രകടിപ്പിക്കുന്നത്. കാരണം ഇത് വളരെ അപകടം നിറഞ്ഞ സാഹചര്യത്തിലേക്ക് പോകുമായിരുന്നു. എന്നാൽ കാര്യങ്ങൾ ശരിയായി വന്നതിൽ നന്ദിയുണ്ട്. ജീവിതത്തേക്കുറിച്ച് ഈ സംഭവം ചിന്തിപ്പിക്കുന്നുണ്ട്. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നത് സംബന്ധിച്ച് നമ്മൾ സംസാരിക്കാറുമുണ്ട്. എന്നാൽ ജീവിതത്തെ നന്ദിപൂർവം ഓർക്കുകയെന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഈ നിമിഷങ്ങളിലൂടെ തിരിച്ചറിയുന്നു.’- സാറ പറഞ്ഞു.
അതേസമയം അച്ഛനുമായി വളരെ അടുത്ത ബന്ധമാണെന്നും സാറ പറഞ്ഞു. ‘ഇത് എത്രത്തോളം അടുത്തിരിക്കുന്നു എന്നതിനെ പറ്റിയല്ല. അദ്ദേഹം എന്റെ അച്ഛനാണ്. എത്രത്തോളം അടുക്കാനാകുമോ അത്രത്തോളം ഞങ്ങൾ അടുത്ത ബന്ധമാണുള്ളത്. എന്നാൽ ഒരു രാത്രികൊണ്ട് ജീവിതം മാറിമറയാമെന്നാണ് ഇത് കാണിക്കുന്നതെന്നും’ സാറ കൂട്ടിച്ചേർത്തു.
ജനുവരി 16ന് പുലർച്ചെയാണ് സെയ്ഫിന് നേരെ ആക്രമണുണ്ടായത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ലീലാവതി ഹോസ്പിറ്റലിലെ അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് മൊഹമ്മദ് ഷെരീഫുൾ ഇസ്ലാം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.