സൽമാൻ ഖാൻ ചിത്രം സിക്കന്ദർ റിലീസിനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മാർച്ച് 30-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സൽമാൻ ഖാനൊപ്പം നായികയായി രശ്മിക മന്ദാനയാണ് അഭിനയിക്കുന്നത്. അടുത്തിടെ ഇരുവരുടെയും പ്രായം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സൽമാൻ. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്ന് നടൻ ചോദിച്ചു.
‘ഞാനും ചിത്രത്തിലെ നായികയും തമ്മിൽ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം? ‘- സൽമാൻ ചോദിച്ചു. ‘രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവൾ വലിയ താരമാകുകയും ചെയ്താൽ ഞാൻ അവൾക്കൊപ്പവും ചേർന്ന് പ്രവർത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക.’- സൽമാൻ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയപ്പോഴായിരുന്നു സൽമാന്റെ പ്രതികരണം.
രശ്മിക ചിത്രത്തിന്റെ ഭാഗമായി മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് സൽമാൻ പ്രശംസിക്കുകയും ചെയ്തു. ‘അവർ രാത്രി 7 മണിക്ക് പുഷ്പ 2 വിന്റെ ഷൂട്ടിങ് അവസാനിപ്പിച്ച് 9 മണിക്ക് ഞങ്ങൾക്കൊപ്പം ചേരുമായിരുന്നു. രാവിലെ 6.30 വരെ അത് തുടരും. പിന്നീട് പുഷ്പ 2 വിൽ അഭിനയിക്കാനായി പോകും. കാലിന് പരിക്ക് പറ്റിയിട്ടും ഞങ്ങൾക്കൊപ്പം ഷൂട്ടിങ് തുടർന്നു. ഒരു ദിവസം പോലും ഷൂട്ടിങ് ഒഴിവാക്കിയില്ലെന്നും’ നടൻ കൂട്ടിച്ചേർത്തു.
സൽമാൻ ഖാന്റെ ഇൻട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകനായ എ.ആർ. മുരുഗദോസ് പറഞ്ഞിരുന്നു. ‘സൽമാൻ ഖാന്റെ താരപരിവേഷം കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നും ആക്ഷൻ കൂടാതെ കുടുംബന്ധങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘തന്റെ ഗജിനി എന്ന ചിത്രത്തിന്റെ കാതൽ പ്രണയമായിരുന്നെങ്കിൽ സിക്കന്ദറിൽ അത് ഭാര്യാ- ഭർതൃ ബന്ധമാണെന്നും’ എ.ആർ മുരുഗദോസ് വ്യക്തമാക്കി.