മുംബയ്: തുടരെ തുടരെയുള്ള വധഭീഷണിക്ക് പിന്നാലെ നടൻ സൽമാൻ ഖാന്റെ സുരക്ഷയിൽ വലിയ രീതിയിലുള്ള ആശങ്ക ഉയർന്നിരുന്നു. ഇപ്പോഴിതാ നടനായി കോടികൾ മുടക്കി പുതിയ കാർ എത്തിച്ചിരിക്കുകയാണ്. 1.32 കോടി രൂപ വിലവരുന്ന വെളള നിറത്തിലുള്ള മെഴ്സിഡസ് ബെൻസ് ജിഎൽഎസ് ആണ് വാങ്ങിയിരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി
പുതിയ കാറിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. മാല അണിയിച്ച കാറിൽ പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നിലാണ് കാർ ഉള്ളത്. ദുബായിൽ നിന്നാണ് കാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് നിസാന്റെ ‘പട്രോൾ’ എസ്യുവി ദുബായിൽ നിന്ന് സൽമാൻ ഇറക്കുമതി ചെയ്തത്. രണ്ടുകോടി രൂപയാണ് ഇതിന്റെ വില. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബെൻസ് ജിഎൽഎസ് ഇറക്കുമതി ചെയ്തത്.
നിസാന്റെ ‘പട്രോൾ’ എസ്യുവി
പോയിന്റ് ബ്ലാങ്കിൽ നിന്ന് നിറയൊഴിച്ചാലും വെടിയുണ്ട തുളഞ്ഞുകയറാത്ത ഗ്ളാസുകളും ബോഡിയുമാണ് ഏറ്റവും വലിയ പ്രത്യേകത. ഉള്ളിലുള്ള യാത്രക്കാരെയോ ഡ്രൈവറെയോ പുറത്തുനിന്ന് നോക്കുന്ന ഒരാൾക്ക് കാണാൻ കഴിയില്ല. എന്നാൽ ഉള്ളിലുള്ളവർക്ക് ചുറ്റുപാടുകൾ വ്യക്തമായി കാണാൻ കഴിയുകയും ചെയ്യും. സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കി മുന്നറിയിപ്പുനൽകുന്ന സംവിധാനവും കാറിലുണ്ട്. ബോംബ്, ഗ്രനേഡ് ആക്രമണത്തെയും കാർ പ്രതിരോധിക്കും.
15 കിലോഗ്രാം ടിഎൻടി സ്ഫോടത്തിൽപ്പോലും കാർ സുരക്ഷിതമായിരിക്കും. ബോഡിക്ക് തീ പിടിക്കുകയോ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിക്കുകയോ ഇല്ല. ഇത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ആഡംബരത്തിനും ഒട്ടും കുറവുവരുത്തിയിട്ടില്ല. നേരത്തേ തനിക്കും പിതാവിനും ബിഷ്ണോയി സംഘത്തിൽ നിന്നുള്ള വധഭീഷണി ഉയർന്നപ്പോൾ സൽമാൻ യുഎഇയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് കാർ ഇറക്കുമതി ചെയ്തിരുന്നു.