സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗമായിരിക്കുകയാണ് ചാറ്റ് ജിപിടി ഉണ്ടാക്കുന്ന ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ. ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാനുള്ള ഫീച്ചർ ചാറ്റ് ജിപിടിയിലെത്തിയതോടെ പ്രൊഫൈൽ ചിത്രങ്ങളിലും മീമുകളിലും എന്തിന് സിനിമകളുടെ പോസ്റ്റർ പോലും ജിബ്ലി സ്റ്റൈൽ ആയിരിക്കുകയാണ്. തങ്ങൾക്കാവശ്യമായ ജിബ്ലി സ്റ്റൈൽ ചിത്രം ജനറേറ്റ് ചെയ്യാനുള്ള ഉപഭോക്താക്കളുടെ തള്ളിക്കയറ്റം മൂലം ഓപ്പൺ എഐ സെർവർ മന്ദഗതിയിൽ ആയി.

ജിബ്ലി തരംഗം ശക്തമായി തുടരുന്നതിനിടെ ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാന്റെ എക്സ് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ‘ഭീകരമായാണ്’ ഉപഭോക്താക്കൾ എത്തുന്നത് എന്ന് പറഞ്ഞ ഓൾട്ട്മാൻ, തങ്ങളുടെ ടീമിന് ഉറക്കം വേണമെന്നും നിങ്ങൾ എല്ലാവരും ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്നത് ഒന്ന് സാവധാനമാക്കൂ എന്നും എക്സിൽ കുറിച്ചു. 

‘നിങ്ങൾക്കെല്ലാവർക്കും ദയവായി ചിത്രങ്ങൾ ജനററേറ്റ് ചെയ്യുന്നത് ഒന്ന് സാവധാനമാക്കാമോ? ഇത് ഭീകരമാണ്. ഞങ്ങളുടെ ടീമിന് ഉറക്കം വേണം.’ -ഇതാണ് സാം ഓൾട്ട്മാന്റെ എക്സ് പോസ്റ്റ്. തമാശരൂപത്തിലാണ് സാം ഓൾട്ട്മാൻ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

ജിബ്ലി സ്റ്റൈൽ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ അനിയന്ത്രിതമായി ആളുകളെത്തിയതോടെ ചാറ്റ് ജിപിടിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഉപഭോക്താക്കൾ വൻതോതിൽ എത്തിയതോടെ സെർവറിൽ ലോഡ് വർധിച്ചതായി സാം ഓൾട്ട്മാൻ തന്നെയാണ് എക്സിലൂടെ അറിയിച്ചത്.

‘ചാറ്റ് ജിപിടിയിലെ ചിത്രങ്ങൾ ആളുകൾ ഇഷ്ടപ്പെടുന്നത് ഏറെ ആനന്ദകരമാണ്. പക്ഷെ ഞങ്ങളുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ഉരുകുകയാണ്. ഫീച്ചർ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, ഞങ്ങൾ താത്കാലികമായി ചില റേറ്റ് ലിമിറ്റുകൾ കൊണ്ടുവരികയാണ്.’ -ഇതാണ് കഴിഞ്ഞദിവസം ഓൾട്ട്മാൻ പറഞ്ഞത്. സൗജന്യ ഉപഭോക്താക്കൾക്ക് ദിവസേന മൂന്ന് ചിത്രങ്ങൾ എന്ന രീതിയിൽ ഫീച്ചർ ഉപയോഗിക്കാനാകുമെന്നും ഓൾട്ട്മാൻ പറഞ്ഞിരുന്നു. അതേസമയം പകർപ്പാവകാശ നിയന്ത്രണങ്ങളെ തുടർന്ന് ജിബ്ലി ശൈലിയിലുള്ള ചിത്ര നിർമാണം ചാറ്റ് ജിപിടി നിർത്തിയതായും റിപ്പോർട്ടുണ്ട്.