മുംബൈ: “ആരും ഇങ്ങോട്ടുവരണ്ട, ഇവരെ ഞാൻ നോക്കിക്കോളാം”, ഇതായിരുന്നു 26/11 മുംബൈ ഭീകരാക്രമണത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അവസാനവാക്കുകൾ. തന്റെ സഹപ്രവർത്തർ അപകടത്തിൽപ്പെടരുതെന്ന് കരുതി സ്വയം ജീവത്യാഗം ചെയ്ത ആ ധീരസൈനികന്റെ ഓർമ്മകളിൽ ജീവിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്തിക്കുന്നതിനെ കുറിച്ച് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് കെ. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. 26/11 ന്റെ ഇരയല്ല സന്ദീപെന്നും തന്റെ മകൻ സ്വന്തം കടമ നിർവ്വഹിക്കുകയാണ് ചെയ്തതെന്നുംഎൻ.ഡി.ടി.വിയോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയത് നയതന്ത്രപരമായ വിജയം മാത്രമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ പകവീട്ടൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് 26/ 11ന്റെ ഇരയല്ല, മരണത്തെ മുഖാമുഖം കാണുമ്പോഴും തന്റെ കടമ നിറവേറ്റിയ സുരക്ഷാഉദ്യോഗസ്ഥനാണ്. തിരിച്ചുവരവുണ്ടാകില്ലെന്ന് അവനുറപ്പുണ്ടായിരുന്നു. മുംബൈയിലല്ലെങ്കിൽ മറ്റെവിടെയെയെങ്കിലും രാജ്യത്തിനായി അവൻ ജീവൻ ത്യജിക്കുമായിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളിലാണ് നാം പ്രധാനമായും ശ്രദ്ധ നൽകേണ്ടത്. ഭീകരർ ലക്ഷ്യമിടുന്ന ആക്രമണങ്ങളും നാശനഷ്ടങ്ങളും അതിലൂടെ നമുക്ക് പ്രതിരോധിക്കാനാകും”, ഉണ്ണികൃഷ്ണൻ പറഞ്ഞു. 

“തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുന്നത് അൽപമെങ്കിലും ആത്മസംതൃപ്തി നൽകുന്നുണ്ടോ എന്ന ചോദ്യത്തോട് “തീർച്ചയായും, റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് നയതന്ത്ര വിജയം മാത്രമല്ല ഇന്ത്യക്കാരുടെ പക വീട്ടൽ കൂടിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരുടെ കുടുംബങ്ങളോടുള്ള ഉത്തരവാദിത്വം പൂർത്തിയായതായി കണക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് കേസിലെ മറ്റൊരു പ്രതിയായ കോൾമാൻ ഹെഡ്ലിയേയും ഇന്ത്യയിലെത്തിക്കണമെന്നും ഇവരൊക്കെ പണത്തിനുവേണ്ടി പ്രവർത്തിക്കുന്ന വെറും ഉപകരണങ്ങളാണെന്നും ഇത്തരം ആക്രമണങ്ങൾക്കുപിന്നിലെ യഥാർഥ ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര വൈകിയാലും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്നുള്ള വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

മുംബൈയിലെ താജ് മഹൽ ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടായതിനുപിന്നാലെയാണ് കോഴിക്കോട് സ്വദേശി കൂടിയായ സന്ദീപിന്റെ നേതൃത്വത്തിൽ പത്ത് കമാൻഡോകളടങ്ങിയ സംഘം അവിടെയെത്തിയത്. ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റ സഹസൈനികരെ ഹോട്ടലിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികൾക്കുശേഷം ഭീകരരെ സന്ദീപ് ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ഭീകരരെ ഹോട്ടലിന്റെ വടക്കേ ഭാഗത്ത് എത്തിക്കാൻ സന്ദീപിനായെങ്കിലും ഒടുവിൽ വെടിയേറ്റ് വീഴുകയായിരുന്നു. സന്ദീപിന്റെ ധീരതയ്ക്ക് രാജ്യം അശോകചക്ര ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു.