അമ്മയായതിനുശേഷം കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും ടെന്നീസിൽനിന്ന് വിരമിക്കാനുള്ള കാരണത്തെ കുറിച്ചും മനസ് തുറന്ന് സാനിയ മിർസ. കരിയർ തുടരാൻ ശരീരം സമ്മതിക്കാതിരുന്നതിനൊപ്പം മകൻ ഇഹ്സാൻ മിർസയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്നത് കൂടി തന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിലുണ്ടെന്ന് സാനിയ പറയുന്നു. ഗർഭകാലത്തേക്കാൾ കുഞ്ഞിനെ മുലയൂട്ടുന്ന സമയത്താണ് താൻ തളർന്നുപോയതെന്നും സാനിയ പറയുന്നു. മുലയൂട്ടുന്നതിന്റെ ശാരിരികമായ ബുദ്ധിമുട്ടുകളേക്കാൾ വൈകാരികവും മാനസികവുമായ വശങ്ങളാണ് തന്നെ തളർത്തിയിരുന്നതെന്നും അവർ പറയുന്നു. ഇനിയും മൂന്ന് തവണ ഗർഭിണിയാകാൻ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും പക്ഷേ മുലയൂട്ടുന്ന കാര്യം ആലോചിക്കാൻകൂടി കഴിയുന്നില്ലെന്നും സാനിയ വ്യക്തമാകുന്നു. പോഡ്കാസ്റ്റർ മാസൂം മിനവാലയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടെന്നീസ് താരം.
‘മകനോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുക എന്നതിനായിരുന്നു ഞാൻ മുൻഗണന നൽകിയിരുന്നത്്. കാരണം അവൻ സ്കൂളിൽ പോകുന്ന ഈ പ്രായത്തിൽ അവർക്ക് ഒരു രക്ഷിതാവ് കൂടെയുണ്ടാവുകയും ആ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. എനിക്കത് നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലായിരുന്നു. ഞാൻ വേണ്ടത്ര ചെയ്തുവെന്ന് എനിക്ക് തോന്നി. എന്റെ സ്വപ്നങ്ങളെ ഞാൻ വേണ്ടത്ര പിന്തുടർന്നുവെന്ന് എനിക്ക് തോന്നി. മകനോടൊപ്പം സമയം ചെലവഴിക്കുന്നതും എന്റെ സ്വപ്നത്തിന്റെ ഭാഗമായിരുന്നു.’-സാനിയ അഭിമുഖത്തിൽ പറയുന്നു.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ആദ്യമായി തന്റെ മകനിൽനിന്ന് വിട്ടുനിന്നതിനെ കുറിച്ചും സാനിയ സംസാരിച്ചു. ‘ഞാൻ ആദ്യമായി ഇസ്ഹാനെ വിട്ടുപോകുമ്പോൾ അവന് ആറാഴ്ച പ്രായമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വിമാനയാത്ര അതായിരുന്നു. എനിക്കൊരു പരിപാടിക്കായി ഡൽഹിയിൽ പോകേണ്ടിവന്നു. എനിക്ക് അത് കഴിയില്ലെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. നമ്മൾ വിട്ടുനിൽക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് അത്ര കുഴപ്പമുണ്ടാകില്ല. എന്നാൽ അമ്മമാർക്കുണ്ടാകുന്ന കുറ്റബോധം കാരണം അവർ സ്വയം ഉരുകുന്നു.
ഞാൻ രാവിലെയുള്ള വിമാനത്തിലാണ് പോയത്. ആ സമയത്ത് ഞാൻ അവനെ മുലയൂട്ടുന്നുണ്ടായിരുന്നു. അതിനാൽ എനിക്ക് വിമാനത്തിൽ വെച്ച് പാൽ പമ്പ് ചെയ്യേണ്ടിവന്നു. അതൊരു ബുദ്ധിമുട്ടായിരുന്നു. അന്ന് ഞാൻ ആ യാത്ര ഒഴിവാക്കിയിരുന്നെങ്കിൽ പിന്നീട് എനിക്ക് അവനെ വിട്ട് ജോലിക്ക് പോകാൻ കഴിയുമായിരുന്നുന്നില്ല. ഞാൻ ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തു. തിരിച്ചെത്തിയപ്പോൾ അവന് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ഞാൻ യാത്രയ്ക്കിടയിൽ കരഞ്ഞിരുന്നു.’-സാനിയ പറയുന്നു.
അന്ന് ആ യാത്ര ചെയ്യാൻ തന്നെ നിർബന്ധിച്ചത് അമ്മയാണെന്നും അവർ കൂട്ടിച്ചേർത്തു. അവന് ആറാഴ്ച്ച മാ്ത്രമാണ് പ്രായമെന്നും ഞാനില്ലാത്തത് അവൻ അറിയുക പോലുമില്ലെന്നും അമ്മ പറഞ്ഞു. ആ ധൈര്യത്തിലാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും സാനിയ കൂട്ടിച്ചേർക്കുന്നു.
ഗർഭകാലം ഒരു സ്വപ്നം പോലെയായിരുന്നുവെങ്കിലും മുലയൂട്ടൽ തനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയെന്ന് സാനിയ പറയുന്നു. ‘ഞാൻ 2.5-3 മാസം മുലയൂട്ടി. എന്നെ സംബന്ധിച്ചിടത്തോളം ഗർഭകാലത്തെ ഏറ്റവും കഠിനമായ ഭാഗം അതായിരുന്നു. ഞാൻ ഇനിയും മൂന്ന് തവണ ഗർഭിണിയാകാം. പക്ഷേ ഈ മുലയൂട്ടുന്ന കാര്യം എനിക്കോർക്കാനാവുന്നില്ല. എനിക്കതിന് കഴിയുമോ എന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം, അതിന്റെ ശാരീരികമായ വശമല്ല, മറിച്ച് വൈകാരികവും മാനസികവുമായ വശങ്ങളാണ് എന്നെ തളർത്തിയത്. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുലയൂട്ടൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മതിയായ ഉറക്കമില്ലായ്മയ്ക്കൊപ്പം നിങ്ങളുടെ എല്ലാ കാര്യങ്ങളും മുലയൂട്ടൽ ഷെഡ്യൂളിന് ചുറ്റുമായി കേന്ദ്രീകരിക്കും.
മൂന്ന് മാസത്തിനുശേഷം ഡോക്ടറുടെ അടുത്തുപോയി എനിക്ക് മുലയുട്ടുന്നത് തുടരാൻ കഴിയില്ലെന്ന് പറഞ്ഞു. ഒരു മാസം കൂടി ശ്രമിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് ഭ്രാന്ത് പിടിക്കുമെന്നായിരുന്നു എന്റെ മറുപടി. മാനിസകമായി എനിക്കത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ അതിനകംതന്നെ പ്രസവാനന്തരമുള്ള നിരവധി വികാരങ്ങളുമായും ഹോർമോണുകളുമായും പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു ചെറിയ മനുഷ്യൻ ഭക്ഷണത്തിനായി പൂർണമായും എന്നെ ആശ്രയിക്കുന്നു എന്ന അറിവ് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഗർഭധാരണത്തേക്കാൾ കഠിനമായിരുന്നു അത്. എന്റെ ഗർഭകാലം ഒരു സ്വപ്നം പോലെയായിരുന്നു.’സാനിയ വ്യക്തമാക്കുന്നു.
2018 ഒക്ടോബർ 30-ന് പ്രസവിക്കുന്നതിന് തലേദിവസം രാത്രി പോലും ടെന്നീസ് കളിച്ച് ശാരീരികമായി ആരോഗ്യവതിയായിരുന്നുവെന്നും അവർ ഓർത്തു. പ്രസവശേഷം മൂന്നാഴ്ച കഴിഞ്ഞ് താൻ വ്യായാമങ്ങളിലേക്കും പരിശീലനത്തിലേക്കും മടങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.