റിയാദ്: ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി അധികൃതര്‍ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാണിജ്യ തട്ടിപ്പുകളെക്കുറിച്ചുള്ള 1,59,000 റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അന്വേഷണ സംഘം പരിശോധിച്ചത്.
ഇതിനുപുറമെ, 447 വാണിജ്യ വഞ്ചന കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും സൗദി വാണിജ്യ മന്ത്രാലയം ത്രൈമാസ ബുള്ളറ്റിനില്‍ പറഞ്ഞു. രാജ്യത്തിന്റെ വാണിജ്യ രംഗത്തെ അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ച കേസുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നായി മൊത്തം 80 ലക്ഷം റിയാല്‍ പിഴ ഈടാക്കിയതായും മന്ത്രാലയം അറിയിച്ചു.
ബ്രാൻ്റ് ഉൽപ്പന്നങ്ങളുടെ വ്യാജ പതിപ്പുകളുണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുക, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ തീയതി തിരുത്തി വിൽപ്പന നടത്തുക, ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക, തൂക്കത്തിലും അളവിലും കൃത്രിമം കാണിക്കുക, പ്രൊമോഷനുകളുടെ മറവിലെ തട്ടിപ്പുകൾ, സാധനങ്ങൾക്ക് അമിത വില ഈടാക്കൽ തുടങ്ങിയവയാണ് പിടികൂടിയ നിയമ ലംഘനങ്ങളിൽ ഏറെയും.
സൗദിയിലെ മാര്‍ക്കറ്റ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമവിരുദ്ധമായ പ്രവൃത്തി തടയാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ ഭാഗമായി തങ്ങളുടെ എതിരാളികള്‍ നടത്തുന്ന വാണിജ്യ തട്ടിപ്പുകളെയും അഴിമതികളെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വാണിജ്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന ഒരു ഇലക്ട്രോണിക് സേവനം സൗദി അധികൃതര്‍ അടുത്തിടെ ആരംഭിച്ചിരുന്നു.
സൗദി അറേബ്യയിലെ വാണിജ്യവിരുദ്ധ കവര്‍അപ്പ് നിയമം ലംഘിച്ചാല്‍ പരമാവധി അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. ഇതിനു പുറമെ കുറ്റവാളിക്കെതിരെ കോടതി അന്തിമ വിധി പുറപ്പെടുവിച്ചതിന് ശേഷം തട്ടിപ്പിലൂടെയും അഴിമതിയിലൂടെയും നേടിയെടുത്ത അനധികൃത പണം അധികൃതർ കണ്ടുകെട്ടുകയും ചെയ്യും.