കോളജ് യൂനിയൻ ഫണ്ട് വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പയ്യന്നൂരിൽ യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐ ഏരിയാ നേതാക്കൾ മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദനമേറ്റത്. 

കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദിച്ചത് എന്നാണ് ആരോപണം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ഏരിയാ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചതായാണ് പറയുന്നത്. 

മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോളജ് മാനേജ്‌മെന്റ് ചെയര്‍മാന് നേരെയും എസ്എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്നും അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്. അതേസമയം മര്‍ദന വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.