ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ 2025-ലെ ആദ്യ വനിത തടവുകാരിയെന്ന് റിപ്പോർട്ട്. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് നൽകിയിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14-ാം ബ്ലോക്കിൽ മറ്റ് രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിരിക്കുന്നത്. വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി. വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ ജയിലിൽ തന്നെയായിരുന്നു. എന്നാൽ സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് 2025 സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റി.
ഗ്രീഷ്മയുടെ വധശിക്ഷയെക്കുറിച്ച് രണ്ട് വാദങ്ങൾ ഉയരുകയാണ്. കൊല്ലപ്പെട്ട ഷാരോൺ രാജിന് നീതി ലഭിച്ചെന്ന് ഭൂരിപക്ഷ ശബ്ദം ഉയരുമ്പോൾ ഗ്രീഷ്മയെ തൂക്കുകയർ വിധിച്ചതിൽ മുഖം ചുളിക്കുകയാണ് മറു വശം. മുൻ ജസ്റ്റിസ് കെമാൽ പാഷയെപ്പോലുള്ളവർ ഗ്രീഷ്മയ്ക്ക് തൂക്കുകയർ നൽകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ മേൽ കേടതികളിൽ നിന്ന് ശിക്ഷ ഇളവ് ചെയ്ത് ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്.
നിലവിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ തടവും പിഴയും കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.