കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. യുവതിയെ ക്രൂരമായി ഭർത്താവ് തന്നെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭര്‍ത്താവ് രാജീവ് മൊഴി നൽകി. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലായെന്ന് പൊലീസ് അറിയിച്ചു.
മൈനാഗപള്ളി സ്വദേശിയായ ശ്യാമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ വീണ് കിടന്ന ശ്യാമയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു ഭർത്താവായ രാജീവിൻ്റെ മൊഴി. ശ്യാമയുടെ മരണത്തിന് പിന്നാലെ തന്നെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ രാജീവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് താൻ തന്നെ കൊലപ്പെടുത്തിയതാണെന്ന് രാജീവ് വെളിപ്പെടുത്തിയത്.