സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് നൈൽ നദിക്ക് കുറുകെയുള്ള നഗരമായ ഒംദുർമാനിലെ ഡാർ-സലാം പ്രദേശത്ത് ഷെല്ലാക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക സന്നദ്ധശൃംഖല റിപ്പോർട്ട് ചെയ്തു. മരണസംഖ്യ താൽകാലികമാണെന്നും ഇരകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും ഓംബാഡ എമർജൻസി റെസ്‌പോൺസ് റൂം അറിയിച്ചു.
തലസ്ഥാനമായ ഖാർത്തൂമിന്റെയും സമീപപ്രദേശങ്ങളുടെയും നിയന്ത്രണത്തെച്ചൊല്ലിയുള്ള പോരാട്ടത്തെ തുടർന്നുള്ള ആക്രമണങ്ങൾ 2023 മുതൽ രാജ്യത്ത് നിലനിൽക്കവെയാണ് പുതിയ ആക്രമണം. ബോംബാക്രമണത്തിൽ പരിക്കേറ്റ നിരവധി ആളുകളെ ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകർ പാടുപെടുന്നതിനാൽ മെഡിക്കൽ സപ്ലൈസ് കുറഞ്ഞതായി രക്ഷാപ്രവർത്തകർ പറയുന്നു.
21 മാസമായി തുടരുന്ന സുഡാനിലെ ആഭ്യന്തരയുദ്ധം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. 12 ദശലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും രാജ്യത്തെ പട്ടിണിയുടെ വക്കിലേക്ക് തള്ളിവിടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്നായി യു. എൻ. ഇതിനെ വിശേഷിപ്പിക്കുന്നു.