ഗാർലൻഡ്: ദീർഘകാലമായി ഗാർലൻഡ് സിറ്റിയിൽ സ്ഥിരതാമസക്കാരനും സജീവ കമ്യൂണിറ്റി പ്രവർത്തകനുമായ ഷിബു സാമുവൽ ഗാർലൻഡ് മേയർ സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബൈബിൾ പ്രഭാഷകൻ, കൗൺസിലർ, എഴുത്തുകാരൻ, ബിസിനസ് സംരംഭകൻ എന്നീ നിലകളിൽ കഴിഞ്ഞ 30 വർഷമായി സുപരിചിതനായ ഷിബു സാമുവൽ തന്റെ അമേരിക്കൻ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യ ചുവടുവയ്ക്കുകയാണ്.
മിഷനറി ടു ഏഷ്യ, നേപ്പാളിലെ ദേശീയ വിദ്യാഭ്യാസ ഡയറക്ടർ, അൺറീച്ച്ഡ് പീപ്പിൾ ഗ്രൂപ്പിന്റെ സൗത്ത് ഏഷ്യ കോഓർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഷിബു സാമുവൽ ഗാർലൻഡ് സിറ്റിയുടെ കമ്യൂണിറ്റി മൾട്ടി കൾച്ചറൽ കമ്മീഷൻ, ഗാർലൻഡ് യൂത്ത് ലീഡർഷിപ്പ് കമ്മിറ്റി, ഗാർലൻഡ് പ്രെയർ ബ്രേക്ക്ഫാസ്റ്റ് കമ്മിറ്റി എന്നിവയിൽ കഴിഞ്ഞ ആറ് വർഷമായി സേവനമനുഷ്ഠിച്ചു വരുന്നു.
2021 മുതൽ ഗാർലൻഡ് എൻവയോൺമെന്റൽ കമ്യൂണിറ്റി അഡൈ്വസറി ബോർഡിലും അദ്ദേഹം അംഗമാണ്. കൂടാതെ കൗണ്ടിയുടെ ടാക്സ് ഇൻക്രിമെന്റ് ഫൈനാൻസിംഗ് ബോർഡിലും (ടിഐഎഫ്) പ്രവർത്തിക്കുന്നു.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ജോയിന്റ് ട്രഷററായും സെർവിംഗ് ഓർഫൻസ് വേൾഡ് വൈഡിന്റെ ബോർഡ് അംഗമായും സേവനമനുഷ്ഠിക്കുന്നതുൾപ്പെടെ ആഗോള തലത്തിലും അദ്ദേഹത്തിന്റെ കമ്യൂണിറ്റി ഇടപെടൽ വ്യാപിച്ചു കിടക്കുന്നു.
ഷിബു സാമുവൽ ഒരു ബിസിനസ് സംരംഭകൻ കൂടിയാണ്. ഭാര്യ സൂസനും അവരുടെ മൂന്ന് മക്കളുമൊത്ത് യുഎസിലും വിദേശത്തുമായി നിരവധി ബിസിനസുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.
ഗാർലാൻഡിനെ സുരക്ഷിതവും സുന്ദരവുമായ നഗരമാക്കുമെന്ന് പറഞ്ഞാണ് ഷിബു സാമുവേൽ തന്റെ പ്രചരണം ആരംഭിക്കുന്നത്. ഗാർലൻഡ് സിറ്റിയിൽ താമസിക്കുന്നവർക്ക് സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രാദേശിക പോലീസിനെയും അഗ്നിശമന വകുപ്പുകളെയും പിന്തുണയ്ക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ഗാർലാൻഡിലേക്ക് ഗുണനിലവാരമുള്ള ബിസിനസുകളെ ആകർഷിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. അതിനാൽ ഇവിടെയുള്ള താമസക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കായി അടുത്തുള്ള നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്: samuelforgarland.com, 214 394 6821.