ബലാത്സംഗക്കേസിൽ ഒരാഴ്ചയിലേറെ ഒളിവിൽ കഴിഞ്ഞ നടൻ സിദ്ദിഖ് പുറത്തിറങ്ങി. സുപ്രിംകോടതി അറസ്റ്റ് 2 ആഴ്ചത്തേക്ക് തടഞ്ഞഞ്ഞതോടെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്.

അതേസമയം, രണ്ടുദിവസത്തിനുളളിൽ പൊലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഈ മാസം 22ന് സിദ്ദിഖിന്‍റെ ഹർജി സുപ്രീകോടതി വീണ്ടും പരിഗണിക്കുമ്പോൾ ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘത്തിന് ആവശ്യപ്പെടാനാകും. ഈ സാധ്യതയിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.