ന്യൂഡൽഹി: സംഗീതസംവിധായകനും ഓസ്കർ ജേതാവുമായ എ.ആർ റഹ്മാനെതിരേ വിമർശനവുമായി ഗായകൻ അഭിജിത് ഭട്ടാചാര്യ. റഹ്മാനെ കാണാനായി ഹോട്ടലിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗായകന്റെ പ്രതികരണം. റഹ്മാന് സാധാരണ പകൽ സമയങ്ങളിൽ ജോലി ചെയ്യുന്ന രീതിയില്ലെന്ന് അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

താൻ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരിൽ പുലർച്ചെ റെക്കോഡ് ചെയ്യാൻ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബോളിവുഡ് തികാനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ തുറന്നുപറഞ്ഞത്. ഇരുവരും ഒരു ഗാനത്തിൽ മാത്രമാണ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. 

എ.ആർ റഹ്മാനെ കാണാൻ പോയപ്പോഴുണ്ടായ ഒരു അനുഭവമാണ് അഭിജിത് പങ്കുവെച്ചത്. പ്രമുഖ കമ്പോസർമാരായ ആനന്ദ്-മിലിന്ദ്, ജതിൻ-ലളിത്, അനു മാലിക്ക് എന്നിവർ തന്നെ തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കാണാൻ ചെന്നത്. അദ്ദേഹത്തെ കാണാനായി ഹോട്ടലിൽ കാത്തുനിന്നു. കുറേ സമയത്തിന് ശേഷം ഇനി കാത്തുനിൽക്കാനാവില്ലെന്ന് തീരുമാനിച്ചു. പിറ്റേദിവസം രാവിലെ റെക്കോഡ് ചെയ്യാമെന്ന് കരുതി. എന്നാൽ പുലർച്ചെ 2 മണിക്ക് വിളിച്ച് സ്റ്റുഡിയോയിലേക്ക് വരാൻ പറഞ്ഞു. താൻ ഉറങ്ങുകയാണെന്ന് മറുപടി നൽകിയതായും അഭിജിത് പറഞ്ഞു.

രാവിലെ സ്റ്റുഡിയോയിലേക്ക് പോയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സാധാരണസമയങ്ങളിൽ ജോലി ചെയ്യുന്ന രീതി അവർക്കില്ല. ഞാൻ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. ക്രിയേറ്റിവിറ്റിയുടെ പേരിൽ നിങ്ങൾ പുലർച്ചെ 3.33 ന് റെക്കോഡ് ചെയ്യണമെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല. – അഭിജിത് പറഞ്ഞു.