ഹൈദരാബാദ്: അടുത്തകാലത്ത് ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായ് ഭോസ്ലെയ്ക്കൊപ്പമുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുവ ഗായിക സനായ്, തന്റെ 23-ാം ജന്മദിനത്തിന് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതിശയകരമെന്നു പറയട്ടെ, അതിലൊരു ചിത്രത്തില്‍ സിറാജ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രത്യേക ചിത്രത്തില്‍, ഇരുവരും ചിരിച്ചുകൊണ്ട് തമാശ പങ്കുവെക്കുന്നതായി കാണാം. കുറച്ച് സമയത്തിനുള്ളില്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

ഇപ്പോള്‍ സിറാജുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് സനായ്. ‘എന്റെ പ്രിയ സഹോദരന്‍’ എന്നാണ് സനായ് വിളിച്ചത്. സനായി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സിറാജിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് പോസ്റ്റ് പങ്കിട്ടു. സിറാജ് പിന്നീട് തന്റെ ഇന്റസ്റ്റ സ്റ്റോറിയിലും പോസ്റ്റ് പങ്കിട്ടു. പോസ്റ്റുകള്‍ കാണാം… 

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സിറാജ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറത്താണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വൈറ്റ്-ബോള്‍ പരമ്പരയ്ക്കും തുടര്‍ന്നുള്ള ചാമ്പ്യന്‍സ് ട്രോഫിക്കും അദ്ദേഹത്തെ പരിഗണിച്ചില്ല. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.