തൃശ്ശൂര്‍: സംവിധായകനും പ്രശസ്ത നാടക നടനുമായ സോബി സൂര്യഗ്രാമം (54) അന്തരിച്ചു. ചൂണ്ടല്‍ പയ്യൂര്‍ കണ്ണംഞ്ചേരി ഭാസ്‌കരന്‍ – ജാനകി ദമ്പതികളുടെ മകനാണ്. തൃശ്ശൂരിലെ ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കായി കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. 

കേരള പ്രവാസിസംഘം ചൂണ്ടല്‍ പഞ്ചായത് കമ്മിറ്റി അംഗവും നാടക് സംസ്ഥാന കമിറ്റിയംഗവുമായ സോബി സൂര്യഗ്രാമത്തിന് 1992, 94, 96 വര്‍ഷങ്ങളില്‍ സംസ്ഥാന അമേച്വര്‍ നാടക പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

1992 ല്‍ ഇര്‍ഷാദ് അലിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത കാക്കാലന്‍ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. 1994 ല്‍ സക്കീര്‍ ഹുസൈന്റെ മ്യൂസിക് ഓഫ് ഡെസേര്‍ടിനൊരുക്കിയ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. 

അയനസ്‌കോയുടെ കാണ്ടാമൃഗം, കണ്ണൂര്‍ മയ്യില്‍ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ ‘ഇരുള്‍വഴിയിലെ കനല്‍ നക്ഷത്രം’ എന്നിവയും ശ്രദ്ധേയമായി. ‘സൈലന്‍സ്’ എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് വിടവാങ്ങല്‍. യുഎഇയിലും കേരളത്തിലുമായി നാല്‍പ്പതോളം നാടകങ്ങളും നിരവധി തെരുവ് അവതരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിക്ക് കൈമാറും. ഭാര്യ: സ്മിത. മകന്‍: അമന്‍ ഭാസ്.