2025 ജനുവരി 17 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ വേവ് മൊബിലിറ്റി എന്ന വാഹന നിർമാണ കമ്പനി (OEM) തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘ഇവ’ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. നഗര യാത്രകൾക്ക് പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ ഒരു ഉപാധി എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ഒരു ചെറു ഇലക്ട്രിക് കാറാണ് ഇവ.
2023 ലെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ ഇവ ഏറെ ശ്രദ്ധ നേടിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക്, പാർക്കിംഗ് സ്ഥലത്തിന്റെ കുറവ്, വർദ്ധിച്ചുവരുന്ന ഇന്ധന വില തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് ഇവയുടെ രൂപകൽപ്പന. ഇതിന്റെ നവീകരിച്ച പതിപ്പാണ് പുതുതായി വരുന്നത്.
സൗരോർജത്തിൽ ചാർജ് ചെയ്യാനുള്ള ശേഷി ഇവയുടെ പ്രധാന പ്രത്യേകതയാണ്. ഇത് വഴി പ്രതിവർഷം 3,000 കിലോമീറ്റർ വരെ അധികം സഞ്ചരിക്കാൻ സാധിക്കും. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഈ വാഹനത്തിന്റെ ഹൈ-വോൾട്ടേജ് ഡ്രൈവ് ട്രെയിൻ അതിവേഗ ചാർജിംഗ് സാധ്യമാക്കുന്നു. വെറും അഞ്ചു മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ് നേടാനാവും.
മണിക്കൂറിൽ 70 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിലേക്ക് വെറും അഞ്ചു സെക്കൻഡിനുള്ളിൽ എത്താൻ ഇവയ്ക്ക് കഴിയും. മെച്ചപ്പെട്ട ഡ്രൈവർ വിസിബിലിറ്റിയും ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, കാർ ഡയഗ്നോസ്റ്റിക്സ്, റിമോട്ട് മോണിറ്ററിംഗ് തുടങ്ങിയ സ്മാർട്ട് കണക്റ്റിവിറ്റി ഫീച്ചറുകളും ഇവയുടെ സവിശേഷതകളാണ്.
സാധാരണ പെട്രോൾ കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയുടെ പ്രവർത്തന ചെലവ് വളരെ കുറവാണ്. പെട്രോൾ വാഹനങ്ങൾക്ക് ശരാശരി ഒരു കിലോമീറ്ററിന് അഞ്ച് രൂപ ഇന്ധന ചെലവ് വരുമ്പോൾ, ഇവയുടെ ഭാരം കുറഞ്ഞ രൂപകൽപ്പനയും കാര്യക്ഷമമായ എഞ്ചിനീയറിംഗും കാരണം ഒരു കിലോമീറ്ററിന് ഏകദേശം 0.5 രൂപ മാത്രമാണ് ചെലവ്. ഈ കുറഞ്ഞ ചെലവ് നഗരത്തിലെ സാധാരണ കുടുംബങ്ങൾക്ക് ഇവയെ ആകർഷകമായ ഒരു തിരഞ്ഞെടുപ്പാക്കുന്നു.
ഇന്ത്യയിലെ നഗര യാത്ര ശീലങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവയുടെ രൂപകൽപ്പന. ഇവിടെ കാറുകളിൽ യാത്രക്കാരുടെ എണ്ണം പൊതുവെ കുറവായിരിക്കും, ദൈനംദിന യാത്രാ ദൂരം 35 കിലോമീറ്ററിൽ താഴെയാണ്. ദൈനംദിന ഉപയോഗത്തിന് പ്രായോഗികവും അനുയോജ്യവുമായ ഒരു കാർ നൽകുന്നതിലൂടെ ചെറിയ കാർ വിപണിയിലെ വിടവുകൾ നികത്താൻ വേവ് മൊബിലിറ്റി ലക്ഷ്യമിടുന്നു.