നഗ്നനേത്രങ്ങൾകൊണ്ട് ഒരുനോക്കിനപ്പുറം കാണാനാകാത്ത സൂര്യന്റെ അന്തരീക്ഷത്തെ മനുഷ്യൻ ചെറുതായൊന്ന് തൊട്ടു. നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബാണ് ആ നേട്ടം കൈവരിച്ചത്. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന ഖ്യാതി അടിവരയിട്ടുറപ്പിച്ചാണ് സോളാർ പ്രോബ് സൂര്യപ്രതലത്തിൽനിന്ന് 61 ലക്ഷം കിലോമീറ്റർ അടുത്തെത്തുന്നത്. ക്രിസ്മസ് തലേന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.23-ഓടെയാണ് പെരിഹീലിയൻ എന്നറിയപ്പെടുന്ന ഈ അടുത്തെത്തൽ നടക്കേണ്ടത്.

താത്കാലികമായി പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും ഡിസംബർ 20-ന് ലഭിച്ച വിവരങ്ങളനുസരിച്ച് പേടകം സാധാരണനിലയിൽ പ്രവർത്തിക്കുന്നതിനാൽ ദൗത്യം പൂർത്തിയാക്കിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബർ 27-നാണ് പേടകത്തിൽ നിന്നുള്ള അടുത്ത സിഗ്നൽ ലഭിക്കുക.

61 ലക്ഷം കിലോമീറ്റർ എന്നത് ഏറെ ദൂരെയാണെന്ന് തോന്നുമെങ്കിലും സൂര്യന്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷമായ കൊറോണയിലൂടെയാണ് പേടകത്തിന്റെ സഞ്ചാരം. ഇന്നുവരെ മനുഷ്യനിർമിത വസ്തുക്കളൊന്നും ഒരു നക്ഷത്രത്തിന്റെയും ഇത്രയും അടുത്ത് എത്തിയിട്ടില്ല. അതിനാൽത്തന്നെ പേടകത്തിൽനിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. സൗരയൂഥത്തിനും അപ്പുറമുള്ള വാസയോഗ്യമായ ഗ്രഹങ്ങൾതേടി മനുഷ്യൻ യാത്രതുടരുമ്പോൾ ഭൂമിയിലെ ജീവനെ താങ്ങിനിർത്തുന്ന സൂര്യന്റെ രഹസ്യമെന്തെന്നറിയേണ്ടത് അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സൗരക്കാറ്റിന്റെ ഉദ്ഭവം മുതൽ സോളാർ മാസ് ഇജക്ഷനുകളുടെ ചുരുളഴിക്കാൻവരെ പേടകം സഹായിച്ചിട്ടുണ്ട്.

പാർക്കർ സോളാർ പ്രോബ്

2018 ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് പാർക്കർ സോളാർ പ്രോബ് വിക്ഷേപിക്കുന്നത്. മണിക്കൂറിൽ 6,90,000 കിലോമീറ്റർ വേഗത്തിൽ, അതായത് ശബ്ദത്തേക്കാൾ 550 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ പേടകത്തിനാകും. മനുഷ്യൻ നിർമ്മിച്ച ഏറ്റവും വേഗമേറിയ പേടകം കൂടിയാണ് പാർക്കർ.

11.43 സെന്റീമീറ്റർ കട്ടിയുള്ള കാർബൺ – കോമ്പസിറ്റ് കവചമാണ് സൂര്യന്റെ അതിശക്തമായ ചൂട് താങ്ങാൻ പാർക്കറിനെ പ്രാപ്തമാക്കുന്നത്. 870-930 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപം പ്രതിരോധിക്കാൻ ഇതിന് സാധിക്കും. 

ഏഴുവർഷം നീളുന്നതാണ് പേടകത്തിന്റെ ദൗത്യം. ഇനിയുള്ള ഒരു വർഷത്തിൽ രണ്ടുതവണകൂടി പേടകം സൂര്യന് ഏകദേശം ഇത്രതന്നെ അടുത്തെത്തും.