സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാർ പാനൽ ടെണ്ടറിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസർക്കാർ അംഗീകരിച്ച ബെഞ്ച് മാർക്ക് തുകയെക്കാൾ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടർ നൽകിയതെന്ന് എം.വിൻസൻറ് എംഎൽഎ ആരോപിച്ചു. എന്നാൽ ടെണ്ടർ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനർട്ട് സിഇഒയുടെ വിശദീകരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സോളാർപാനൽ സ്ഥാപിക്കുന്നതിനാണ് കേന്ദ്രസർക്കാർ 124 കോടി രൂപ അനുവദിച്ചത്.

ഇതിൽ 101 കോടിലധികം രൂപയുടെ ടെണ്ടർ അനർട്ട് മുഖേന വിവിധ കമ്പനികള്‍ക്ക് നൽകി. ടെണ്ടർ അനുവദിക്കാനായി ബെഞ്ച്മാർക്ക് തുക കേന്ദ്രസർക്കാർ വിവിധ വർഷങ്ങളായി ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതിനെക്കാള്‍ 30 ശതമാനം കൂട്ടിയാണ് ടെണ്ടറുകള്‍ നൽകിയിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസിൻെറ ആരോപണം. 10 ശതമാനത്തിൽ കൂടുതൽ തുക കമ്പനികള്‍ ക്വാട്ട് ചെയ്താൽ റീ ടെണ്ടർ നടത്തമെന്ന വ്യവസ്ഥ പാലിച്ചില്ല. നിയമസഭയിൽ ചോദ്യത്തിന് വൈദ്യുതി മന്ത്രി നൽകിയ മറുപടിയും അനർട്ടിലെ ടെണ്ടർ സംബന്ധിച്ച ഫയലുകളിലും വസ്തുവിരുദ്ധമാണ്. അനർട്ടിലെ ഫിനാൻസ് വിഭാഗമോ ടെക്നിക്കൽ വിഭാമോ പരിശോധിക്കാതെയാണ് ടെണ്ടറുകള്‍ അനുവദിച്ചതെന്നും എം.വിൻസന്‍റ്  ആരോപിച്ചു

പദ്ധതി നടത്തുന്നതിൽ ഒരു സർക്കാർ സ്ഥാപനം ടൈറ്റാനിയമാണ്. 11 കോടിയുടെ ടെണ്ടർ നേടിയത് ദില്ലി ആസ്ഥാനമായ ഒരു കമ്പനിയാണ്. ടെണ്ടർ നേടിയാൽ 7 ദിവസത്തിനകം ബാങ്ക ഗ്യാരന്‍റി  നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. 45 ദിവസത്തിനുള്ളിൽ പണി പൂർത്തിയായില്ലെങ്കിൽ വർക്ക് ഓർഡ് ക്യാൻസൽ ചെയ്യണമെന്നും വ്യവസ്ഥയും അട്ടിമറിച്ചുവെന്നും, ഇത്തരത്തിൽ കരാർ നേടിയ ഓരോ കമ്പനികളുടെയും നീക്കങ്ങള്‍ പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ  ആവശ്യം. എന്നാൽ ആരോപണങ്ങള്‍ അനർട്ട് സിഇഒ തള്ളി. ഇ-ടെണ്ടർ മുഖേനയാണ് ടെണ്ടർ ഉറപ്പിച്ചത്. ഓരോ കരാറും പ്രവൃത്തിയും കരാർ സ്മാർട്ട് സിറ്റിയുടെ വിദഗ്ദസമിതി പരിശോധിക്കുന്നതാണെന്നും സിഇഒ നരേന്ദ്രനാഥ് വെല്ലൂരി വിശദീകരിച്ചു.