സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഡയറക്ട്-ടു-സെൽ സേവനങ്ങൾ നൽകാൻ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ അനുമതി ലഭിച്ചു. യുഎസിലെ മുൻനിര ടെലികോം കമ്പനിയായ ടി-മൊബൈലുമായി ചേർന്നാണ് സ്റ്റാർലിങ്ക് ഡയറക്ട്-ടു-സെൽ കവറേജ് നൽകുക.
ഹെലെൻ കൊടുങ്കാറ്റ് ദുരന്തം വിതച്ച നോർത്ത് കരൊലിനയിൽ സേവനം എത്തിക്കാനാണ് എഫ്സിസി അനുമതി നൽകിയത്. കൊടുങ്കാറ്റിനെ തുടർന്ന് മേഖലയിലെ ടെലികോം നെറ്റ് വർക്കുകൾ തകരാറിലായ സാഹചര്യത്തിൽ നൽകിയ പ്രത്യേക അനുമതി മാത്രമാണിത്.
കൊടുങ്കാറ്റിൽ നോർത്ത് കരൊലിനയിലെ 74 ശതമാനം ടവറുകളും തകരാറിലായതായി സ്റ്റാർലിങ്ക് പറയുന്നു. അടിയന്തര സന്ദേശങ്ങൾ ഫോണിലെത്തിക്കുന്നതിനായി നോർത്ത് കരൊലിനയിലെ എല്ലാ നെറ്റ് വർക്കിലും ഉപഗ്രഹ കണക്ടിവിറ്റി ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.