സ്‌പെയിൻ പ്രധാനമന്ത്രിയായ പെദ്രോ സാഞ്ചസ് പെരെസ് ഒക്ടോബർ മാസം പതിനൊന്നാം തീയതി വത്തിക്കാനിൽ പരിശുദ്ധ പിതാവ്, ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു, സംഭാഷണം നടത്തി.

ഒക്ടോബർ മാസം പതിനൊന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക്, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച്, സ്പെയിനിന്റെ പ്രധാനമന്ത്രി  പെദ്രോ സാഞ്ചസ് പെരെസ്, ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം മുപ്പത്തിയഞ്ചു നിമിഷങ്ങളോളം നീണ്ടു നിന്ന കൂടിക്കാഴ്ച്ചയ്ക്കു അവസാനം ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ, വത്തിക്കാൻ മാധ്യമ ഓഫീസാണ് കൈമാറിയത്.

ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആർച്ചുബിഷപ്പ് റിച്ചാർഡ്  ഗല്ലഗെറുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഹൃദ്യമായസംഭാഷണവും, സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തി. പ്രാദേശിക സഭയും സർക്കാർ അധികാരികളും തമ്മിലുള്ള ഫലപ്രദമായ സംഭാഷണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതു താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരു കൂട്ടരും സംസാരിച്ചു.

മെഡിറ്ററേനിയൻ, കാനറി ദ്വീപുകളിൽ നിലനിൽക്കുന്ന കുടിയേറ്റ പ്രതിസന്ധികളും, സമാധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ പ്രാധാന്യവും ചർച്ചകളിൽ വിഷയമായെന്നും, ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.