ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളില്ലെന്ന പരാതിയ്ക്ക് താൽക്കാലിക ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ. മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസിനും ന്യൂഇയറിനും നാട്ടിലേക്ക് വരാനും പോകാനും കഴിയുന്ന വിധത്തിൽ ഇരുദിശകളിലേക്കും നാലുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധിക്കാലത്ത് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ഉപകാരപ്പെടുന്ന സർവീസാണിത്.
മുബൈ എൽടിടിയിൽ നിന്ന് തിരുവനന്തപുരം നോര്‍ത്തി (കൊച്ചുവേളി) ലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ സർവീസുകൾ. കോട്ടയം വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഡിസംബര്‍ 19, 26, ജനുവരി 02, 09 തീയതികളിൽ വൈകിട്ട് നാലിനായിരിക്കും മുബൈ എൽടിടിയിൽ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടുക.
കൊച്ചുവേളിയിൽ നിന്ന് ഡിസംബര്‍ 21, 28, ജനുവരി 04, 11 തീയതികളിൽ വൈകിട്ട് 4:20 നാണ് മുബൈ എല്‍ടിടിയിലേക്ക് ട്രെയിൻ പുറപ്പെടുക. അവധിക്കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് മുംബൈയിൽ നിന്നുള്ള സർവീസ് പ്ര്യഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് – ന്യൂഇയർ സീസണിൽ യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, സഹമന്ത്രി വി സോമണ്ണ എന്നിവരുമായി കൊടിക്കുന്നിൽ സുരേഷ് എംപി കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂഡൽഹി, മുംബൈ, ഹൗറ, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, അമൃത്സർ, നന്ദേഡ്, ജയ്പൂർ, ജബൽപൂർ, ഭോപ്പാൽ, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് കോട്ടയം / മധുരൈ – ചെങ്കോട്ട വഴി കൊല്ലം ജങ്ഷനിലേക്കോ അല്ലെങ്കിൽ തിരുവനന്തപുരം നോർത്തിലേക്കോ സർവീസ് അവസാനിപ്പിക്കുന്ന തരത്തിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പെഷ്യൽ ട്രെയിൻ സർവീസ് സംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പു നൽകിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.