റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട്എബൗട്ട് (അല്‍ റഫ) മുതല്‍ അല്‍ മര്‍ജാന്‍ ഐലന്‍ഡ് റൗണ്ട്എബൗട്ട് വരെയുള്ള ശെയ്ഖ് മുഹമ്മദ് ബിന്‍ സാലിം സ്ട്രീറ്റിലെ വാഹനങ്ങളുടെ വേഗത പരിധി ജനുവരി 17 മുതല്‍ മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ പോലീസ് ഈ സ്ര്ടീറ്റിലെ റഡാര്‍ വേഗത മണിക്കൂറില്‍ 121 കിലോമീറ്ററില്‍ നിന്ന് 101 കിലോമീറ്ററായി ക്രമീകരിക്കും. അനുവദിച്ചതിനേക്കാള്‍ 20 കിലോമീറ്റര്‍ അധിക വേഗതിയില്‍ സഞ്ചരിക്കുന്നത് വലിയ ട്രാഫിക് പിഴയ്ക്ക് കാരണമാവും.
റോഡ് സുരക്ഷ ശക്തിപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ചട്ടക്കൂടിന് അനുസൃതമായാണ് വേഗത കുറയ്ക്കുന്നതിനുള്ള തീരുമാനമെന്ന് റാസല്‍ഖൈമ പോലീസ് ജനറല്‍ കമാന്‍ഡിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു. റോഡിലെ അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങളുടെ സാധ്യത കുറയ്ക്കുക കൂടിയാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ട്എബൗട്ടില്‍ നിന്ന് ആരംഭിച്ച് അല്‍ റിഫ, അല്‍ ജാസിറ അല്‍ ഹംറ, മിന അല്‍ അറബ് എന്നിവിടങ്ങളിലൂടെ കടന്നുപോയി അല്‍ മര്‍ജാനില്‍ എത്തുന്നതിനാല്‍ ഈ റോഡ് ഒരു സുപ്രധാന പാതയായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ ദിവസം റാസല്‍ഖൈമയിലെ ഒരു ആന്തരിക റോഡില്‍ വിനോദ മോട്ടോര്‍ സൈക്കിളില്‍ സ്വകാര്യ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് സ്വദേശി പെണ്‍കുട്ടികള്‍ മരിച്ചിരുന്നു. 37 വയസ്സുള്ള കാര്‍ ഡ്രൈവര്‍ മോട്ടോര്‍ സൈക്കിള്‍ പിറകില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രണ്ട് കൗരമാരക്കാരെ പോലിസ് എത്തി നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുന്ന അപകടങ്ങള്‍ തടയാന്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങളും വേഗപരിധികളും പാലിക്കണമെന്നും ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്നും റാസ് അല്‍ ഖൈമ പോലീസ് അഭ്യര്‍ത്ഥിച്ചു.