അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടി നല്‍കി രണ്ട് വൈദ്യുതി പദ്ധതി കരാറുകള്‍ റദ്ദാക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ലങ്കയിലെ മാന്നാറിലെയും പൂനെറിനിലെയും  484 മെഗാവാട്ട് കാറ്റാടി വൈദ്യുതി നിലയങ്ങള്‍ അദാനി ഗ്രീന്‍ എനര്‍ജി എസ്എല്‍ ലിമിറ്റഡിന് നല്‍കാന്‍ മുന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ തീരുമാനിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാക്കി അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള ഈ കരാറാണ് പ്രസിഡന്‍റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം റദ്ദാക്കിയത്. വാര്‍ത്ത വന്നതോടെ അദാനി ഗ്രീന്‍ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ട് ശതമാനം നഷ്ടത്തില്‍ 1009 രൂപയിലാണ് ഇന്ന് അദാനി ഗ്രീന്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

ശ്രീലങ്കയിലെ കാറ്റാടി ഊര്‍ജ്ജ പദ്ധതികളില്‍ 1 ബില്യണ്‍ ഡോളറിലധികം  നിക്ഷേപിക്കാന്‍ ആണ് അദാനി പദ്ധതിയിട്ടിരുന്നത്. 484 മെഗാവാട്ട് സംയോജിത ശേഷിയുള്ള രണ്ട് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. രാജ്യത്തിന്‍റെ വടക്ക് ഭാഗത്തായി മാന്നാര്‍ പട്ടണത്തിലും പൂനെറിന്‍ ഗ്രാമത്തിലും ആണ് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കേണ്ടിയിരുന്നത്. ഈ പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉയര്‍ന്ന വിലക്ക് 20 വര്‍ഷം ശ്രീലങ്കന്‍ സര്‍ക്കാര്‍ വാങ്ങുന്നതായിരു്നനു കരാര്‍. 2024 മെയ് മാസത്തില്‍ ഒപ്പുവച്ച 20 വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ കരാര്‍ മന്ത്രിസഭ റദ്ദാക്കിയെങ്കിലും, പദ്ധതി റദ്ദാക്കിയിട്ടില്ലെന്നാണ് സൂചന. പദ്ധതി അവലോകനം ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇപ്പോഴത്തെ പ്രസിഡന്‍റ് തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ശ്രീലങ്കയില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് ആ വൈദ്യുതി സര്‍ക്കാര്‍ വാങ്ങുന്നതിനുള്ള കരാര്‍ റദ്ദാക്കുമെന്നും അന്താരാഷ്ട്ര ടെന്‍ഡറുകള്‍ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു .ഇതാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. അദാനിയുടെ പക്കല്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് കൊള്ളവിലയാണ് നല്‍കേണ്ടി വരുന്നതെന്നും ആരോപണമുണ്ടായിരുന്നു. പാരിസ്ഥിതിക ആഘാത വിലയിരുത്തലിലെ പോരായ്മകള്‍ കാരണവും മാന്നാര്‍ ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായതിനാലും വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി, എന്‍വയോണ്‍മെന്‍റല്‍ ഫൗണ്ടേഷന്‍ ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി പരിസ്ഥിതി സംഘടനകള്‍് പദ്ധതിയെ എതിര്‍ത്തിരുന്നു. മാന്നാര്‍ ബിഷപ്പും പദ്ധതിക്കെതിരായിരുന്നു.