ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനല്‍കിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്കൂൾ കായിക മേളയാണീ വർഷത്തേത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികള്‍ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്പെഷ്യല്‍ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവൻകുട്ടി, പിആർ ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.
മാർച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിൻറെ ഭാഗമായി നടക്കും. മറ്റ് വർഷങ്ങളില്‍ നിന്ന് വിഭിന്നമായി ഒളിമ്ബിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളില്‍ 29000 മത്സരാർത്ഥികള്‍ മേളയുടെ ഭാഗമാകും.ഗള്‍ഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയില്‍ പങ്കെടുക്കുന്നു എന്നതാണ് സ്കൂള്‍ ഒളിമ്ബിക്സിന്റെ പ്രത്യേകത.
ചൊവ്വാഴ്ച മുതല്‍ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം നല്‍കുന്ന എല്ലാ ട്രോഫികളും പുതിയതാണ്.