സമ്മര്‍ദത്തിലായിരിക്കുമ്പോഴോ വിഷമിക്കുമ്പോഴോ ചര്‍മം ചുവന്നുതടിക്കുകയോ, വിയര്‍ക്കുകയോ ചെയ്യും. സമ്മര്‍ദം മുഖക്കുരു വര്‍ദ്ധിപ്പിക്കും. അതുപോലെ കൊളാജന്‍ രൂപീകരണം കുറയുന്നത് മുറിവ് ഉണങ്ങല്‍, ചര്‍മത്തിലെ വീക്കം എന്നിവയുണ്ടാക്കുകയും ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം റോസേഷ്യ, ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുള്ള ദീര്‍ഘകാല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
സ്‌ട്രെസ് മുടിയുടെ ആരോഗ്യത്തെയും ബാധിക്കാറുണ്ട്. മുടികൊഴിച്ചില്‍ രൂക്ഷമായ സമ്മര്‍ദംകൊണ്ട് സംഭവിക്കാം. സമ്മര്‍ദ ഘട്ടത്തിന് ശേഷമുളള മാസങ്ങളില്‍ കാര്യമായ മുടികൊഴിച്ചില്‍ അനുഭവപ്പെടാനും അകാലനരയ്ക്കും കാരണമാകുന്നു. സമ്മര്‍ദം തലയോട്ടിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ മാറ്റിമറിയ്ക്കുന്നു. ഇത് അമിതമായ എണ്ണമയം, താരന്‍, വീക്കം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇത് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.
ചര്‍മത്തിന്റെ രീതി അനുസരിച്ച് (സ്‌കിന്‍ ടൈപ്പ്) ചര്‍മം ശുചിയാക്കല്‍, ടോണിംഗ്, മോയ്‌സ്ചറൈസിങ് എന്നിവ ചെയ്യേണ്ടതുണ്ട്. നിത്യവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അനിവാര്യമാണ്.
നന്നായി വെളളം കുടിക്കുന്നത് ചര്‍മത്തെ മൃദുലമാക്കുന്നു. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ സമീകൃത ആഹാരം കഴിക്കുന്നത് ചര്‍മത്തെയും മുടിയെയും ഉള്ളില്‍നിന്ന് സംരക്ഷിക്കുന്നു. ഇടയ്ക്കിടെയുള്ള വ്യായാമം രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു. സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കുകയും ചെയ്യുന്നതുകൊണ്ട് ഇത് ചര്‍മത്തിനും മുടിക്കും നല്ലതാണ്. മതിയായ ഉറക്കം ശരീരത്തിലെ ക്ഷീണം അകറ്റുകയും അകാല വാര്‍ദ്ധക്യം തടയുകയും ചെയ്യും.