ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മോശം പെരുമാറ്റം നേരിടുന്നുവെന്ന് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്. സിഖ് വിഘടനവാദികള്‍ക്കെതിരായ കൊലപാതക ഗൂഢാലോചനകളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ റോയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ പാനലിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
പാനലിന്റെ ശുപാര്‍ശകള്‍ ബാധകമല്ലാത്തതിനാല്‍ ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന് (ആര്‍എഡബ്ല്യു) എതിരായ നടപടിക്ക് യുഎസ് സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല. പാനലിന്റെ റിപ്പോര്‍ട്ടുകള്‍ പക്ഷപാതപരവും മുന്‍വിധിയോടെയുള്ളതുമാണെന്ന് ഇന്ത്യ മുമ്പ് പ്രതികരിച്ചിരുന്നു.
2023 മുതല്‍, യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാനി തീവ്രവാദികളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനകളില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങള്‍ യുഎസ്-ഇന്ത്യ ബന്ധത്തില്‍ കല്ലുകടിയുണ്ടാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍ വികാഷ് യാദവിനെതിരെ ഗൂഢാലോചനയ്ക്ക് വാഷിംഗ്ടണ്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂണിനെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇന്ത്യ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ യുഎസുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു.
‘2024-ല്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിവേചനവും വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരുന്നു,’ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുഎസ് കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുസ്ലീങ്ങള്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വിദ്വേഷകരമായ വാചാടോപങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും നയപരമായ ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്ന ഒരു യുഎസ് ഗവണ്‍മെന്റ് ഉപദേശക സമിതിയാണ് യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.