രാഷ്‌ട്രപതി ഭരണത്തിന് പിന്നാലെ, മണിപ്പൂരിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ നീക്കം. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി നിരവധി നീക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സായുധ സംഘങ്ങൾക്കെതിരായ നടപടികൾ, ആയുധങ്ങൾ വീണ്ടെടുക്കൽ, നിയമവിരുദ്ധ ചെക്ക്‌പോസ്റ്റുകൾ നീക്കം ചെയ്യൽ, ആളുകളെയും സാധനങ്ങളെയും സുരക്ഷിതമായി കടത്തിവിടൽ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുന്ന നടപടികൾ.

ഇതിന്റെ ഭാഗമായി കൊള്ളയടിക്കുകയോ അനധികൃതമായി കൈവശം വെക്കുകയോ ചെയ്ത ആയുധങ്ങൾ ഉടൻ തന്നെ തിരിച്ചേൽപ്പിക്കാൻ മണിപ്പൂരിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. മെയ്തി സായുധ സംഘമായ അരാംബായ് ടെങ്കോളിലെ 26 അംഗങ്ങളെയും ചില ഗ്രാമ വളണ്ടിയർമാരെയും കഴിഞ്ഞ ദിവസം പോലീസ് പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു.

വംശീയ കലാപത്തിന്റെ ഭാഗമായ മെയ്തി-കുക്കി വിഭാഗങ്ങളിലെ ആളുകളെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ച് വരികയാണെന്നും, കുക്കി ഗ്രൂപ്പുകളുടെ അനധികൃത ചെക്ക്‌പോസ്റ്റുകൾ നീക്കം ചെയ്തു തുടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊള്ളയടിച്ച ആയുധങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുന്നവർക്ക് പൊതുമാപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആയുധങ്ങൾ തിരികെ എത്തിക്കാത്തവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ആളുകളുടെ സഞ്ചാരവും സാധനങ്ങൾ എത്തിക്കലും സുഗമം ആക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.

മണിപ്പൂരിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ നിർമ്മാണം വേഗത്തിലാക്കാനും പദ്ധതിയുണ്ട്. അതിനായി അസം റൈഫിൾസിന് പുറമെ കേന്ദ്ര സായുധ പോലീസ് സേനയെ (CAPF) പ്രദേശത്ത് വിന്യസിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.