ബീജിംഗ്: ചൈനയിൽ അക്രമാസക്തനായ വിദ്യാർത്ഥിയുടെ കുത്തേറ്റ് എട്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ചൈനയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. യിക്‌സിംഗ് നഗരത്തിലെ വുക്‌സി വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് ടെക്‌നോളജിയിൽ ആക്രമണമുണ്ടായത്.
സംഭവത്തിൽ ഇതേ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 21-കാരനായ പ്രതി ഈ വർഷത്തെ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സിയിൽ തുടരുകയാണ്.
ഈയിടെയാണ് ചൈനയിലെ തെക്കൻ നഗരമായ സുഹായിൽ ഒരു സ്പോർട്സ് സെന്‍ററിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാറിടിച്ചു കയറ്റിയ സംഭവമുണ്ടായത്. അപകടത്തിൽ 35 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് വീണ്ടും ചൈനയിൽ അക്രമ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പ്രതിയായ 62കാരൻ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് മനപൂർവ്വം കാറിടിച്ചു കയറ്റി എന്നാണ് പൊലീസ് അറിയിച്ചിരുന്നത്. സ്വത്ത് വീതം വെയ്ക്കലിൽ അതൃപ്തനായതിനാലാണ് പ്രതി ആക്രമണം നടത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസിന്റെ പിടിയിലായിരുന്നു.