സുഡാനിലെ ദക്ഷിണസുഡാൻകാരായ അഭയാർത്ഥികളെ നിഷ്ഠൂരം ആക്രമിച്ചു കൊലപ്പെടുത്തിയതിനെതിരെ പ്രതികാരവുമായി പോകരുതെന്ന് കർദ്ദിനാൾ സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ല ദക്ഷിണ സുഡാനിലെ ക്രൈസ്തവരോട് അഭ്യർത്ഥിക്കുന്നു. സുഡാനിലെയും ദക്ഷിണ സുഡാനിലെയും കത്തോലിക്കാമെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷനാണ് കർദ്ദിനാൾ മാർട്ടിൻ മുല്ല.

അഭയാർത്ഥികൾക്കെതിരായ ആക്രമണം പൈശാചികവും വർഗ്ഗീയവും അടിച്ചമർത്തൽ നടപടിയുടെ ഭാഗവുമാണെന്നു കുറ്റപ്പെടുത്തുന്ന അദ്ദേഹം അതിനെതിരെ, ക്രിസ്തു പഠിപ്പിക്കുന്ന സ്നേഹത്തിൻറെയും മാപ്പുനല്കലിൻറെയും ധാരണയുടെയുമായ തത്ത്വങ്ങളാൽ പ്രതികരിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു.

തങ്ങൾ സുരക്ഷിതരാണെന്നും എല്ലാവരും വിലമതിക്കപ്പെടുന്നുണ്ടെന്നുമുള്ള ബോധം എല്ലാവരിലുമുണ്ടാകത്തക്ക അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സൗഖ്യമേകുന്നതിനും പുനർനിർമ്മിക്കുന്നതിനുമാണ് നാം ശ്രമിക്കേണ്ടതെന്ന് കർദ്ദിനാൾ മാർട്ടിൻ മുല്ല പറയുന്നു.  സുഡാനിൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ മുപ്പതിലേറെ ദക്ഷിണസുഡാൻകാർ വധിക്കപ്പെട്ടിരുന്നു.