സുഡാനിലെ സൈന്യത്തിന്റെ തലവൻ ജനറൽ അബ്ദൽ ഫത്താഹ് അൽ ബുർഹാൻ, ഖർതൂം നഗരത്തെ സൈന്യം പൂർണമായും തിരിച്ചുപിടിച്ചതായി പ്രഖ്യാപിച്ചു. ഇരുവർഷത്തോളം നീണ്ട യുദ്ധത്തിനു ശേഷം, ഖർതൂം ഇപ്പോൾ “സ്വതന്ത്രമായിരിക്കുന്നു” എന്നാണ് അദ്ദേഹം സൈനികരോടു പറഞ്ഞത്.
സുഡാൻ സായുധ സേന (SAF) രാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) ഗ്രൂപ്പിനെ നഗരത്തിൽ നിന്ന് തുരത്തുന്നതിനായി കഠിനമായ പോരാട്ടം ആണ് നടത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, ജനറൽ അൽ ബുർഹാൻ കഴിഞ്ഞ ആഴ്ച RSF കൈവശമാക്കിയ പ്രസിഡൻഷ്യൽ കൊട്ടാരത്തിലൂടെ സൈന്യവുമായി സഞ്ചരിക്കുന്നത് കാണാം. ബുധനാഴ്ച ഒരു ഹെലികോപ്റ്ററിൽ ഖർതൂം വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം, ജനറൽ ബുർഹാൻ ഭൂമിയെ ചുംബിക്കുകയും കൈ ഉയർത്തി വിജയം ആഘോഷിക്കുകയും ചെയ്തു.
RSF പിൻവാങ്ങുന്നതിന്റെ തെളിവുകളായി സൈന്യം ഡ്രോൺ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചു, അതിൽ പൗരന്മാർ ഒരു അണക്കെട്ട് കടന്ന് നടക്കുന്നതും RSF അംഗങ്ങൾ നൈൽ നദി കടന്ന് പിൻവാങ്ങുന്നതുമാണ് കാണിച്ചത്. എന്നാൽ അതിന്റെ വിശ്വാസ്യത ഇപ്പോഴും സ്ഥിരീകരിക്കേണ്ടതുണ്ട്.
2023 ഏപ്രിലിലാണ് സുഡാനിൽ യുദ്ധം ആരംഭിച്ചത്. രാജ്യം ജനാധിപത്യത്തിലേക്ക് മാറാൻ ശ്രമിക്കുമ്പോഴായിരുന്നു ഈ കലാപം ഉണ്ടായത്. വ്യോമാക്രമണങ്ങൾ ഉൾപ്പെടെ നടത്താൻ SAF യ്ക്ക് കൂടുതൽ സൈനിക ശേഷിയുണ്ടായിരുന്നു. RSF കൂടുതൽ കരുത്തുറ്റതായി ഖർതൂമിന് അകത്തേക്ക് കടന്നിരുന്നു, അതിനാൽ അവർക്ക് പ്രധാനഭാഗങ്ങൾ പിടിച്ചുനിർത്താൻ കഴിഞ്ഞു.
അതേസമയം കുറഞ്ഞത് 28,000 പേർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ആണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ എണ്ണം ഇതിലുമധികമാകാൻ സാധ്യതയുണ്ട്. യുനൈറ്റഡ് നേഷൻസ് ഇത് ലോകത്തിലെ ഏറ്റവും വലിയ മാനവീയ ദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്. 12.8 മില്യൺ (1.28 കോടി) പേർ അഭയാർത്ഥികളായി മാറിയിരിക്കുന്നു, ഇതിൽ 50 ലക്ഷം (5 million) കുട്ടികളാണ് എന്നാണ് UNICEF പറയുന്നത്.