ഗാസിയാബാദിൽ ഭർത്താവ് ജീവനൊടുക്കിയ വിവരമറിഞ്ഞ് യുവതിയും ആത്മഹത്യ ചെയ്തു. ദമ്പതികൾക്ക് ഒരുവയസുള്ള പെൺകുഞ്ഞുണ്ട്. ഗാസിയാബാദിലെ ജവഹർനഗർ ജി ബ്ലോക്കിൽ താമസിക്കുന്ന വിജയ് പ്രതാപ് ചൗഹാൻ(32), ഭാര്യ ശിവാനി(28) എന്നിവരാണ് മരിച്ചത്. ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനു ശേഷം ശിവാനി വീട്ടിൽ നിന്നിറങ്ങിപ്പോയി. വിജയ് പലതവണ തിരിച്ചുവിളിച്ചിട്ടും ശിവാനി വന്നില്ല. മടങ്ങിവന്നില്ലെങ്കിൽ ഇനിയൊരിക്കലും തന്നെ കാണില്ലെന്ന് വിജയ് ഭീഷണിമുഴക്കുകയും ചെയ്തു.

അൽപസമയം കഴിഞ്ഞ് ബന്ധു ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വിജയ് യെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനകത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ അവർ ശിവാനിയെ വിവരമറിയിച്ചു. ഉടൻ തന്നെ ശിവാനിയും ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിൽ ഗാസിയാബാദ് പൊലീസും ഡൽഹി പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്​റ്റ്മോർട്ടത്തിനയച്ചു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.