നാദാപുരം തൂണേരിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യ ഫിദ ഫാത്തിമ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഫിദ ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്നരവർഷം മുമ്പായിരുന്നു ഫിദയുടെ വിവാഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയത്. അന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫിദയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടനെ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം ഇതുവരെ വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകരയിലെത്തിയച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)