മലപ്പുറം: മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് അട്ടിമറിക്കാന്‍ ഉന്നതരുടെ ഇടപെടല്‍. ഡിഐജി അജിത ബീഗവും പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എസ്പി സുജിത്ത് ദാസിന്റെ വെളിപ്പെടുത്തല്‍. പിവി അന്‍വറിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത് ഡിഐജി അജിതാ ബീഗമാണ്. പി വി അന്‍വറിനോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്ന് ഡിഐജി പറഞ്ഞതായും അല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും പറഞ്ഞതായാണ് സുജിത് ദാസിന്റെ വെളിപ്പെടുത്തല്‍.

‘ഡിഐജി എന്നെ വിളിച്ചിട്ട് അന്‍വര്‍ എംഎല്‍എയുമായി നല്ല ബന്ധമല്ലേയെന്ന് ചോദിച്ചു. എംഎല്‍എയുടെ ആരോപണം ശശി ഡിഐജിയെ അറിയിച്ച ശേഷമാണ് അവര്‍ എന്നെ ബന്ധപ്പെടുന്നത്. എംഎല്‍എ എന്താണ് ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ… നീയുമായി എന്തെങ്കിലും ദേഷ്യമുണ്ടോയെന്ന് ചോദിച്ചു. എന്നാല്‍ ഞാനുമായി യാതൊരു പ്രശ്‌നവുമില്ല. ശശിയുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാവാം എന്ന് മറുപടി നല്‍കി. എങ്കില്‍ നീ അദ്ദേഹവുമായി സംസാരിക്കുകയോ മറ്റോ ചെയ്യൂ. സര്‍ അത് ഏറ്റെടുത്താല്‍ അനാവശ്യ വിവാദമായി മാറും. സാറുമായി സംസാരിക്കൂ എന്ന് പറഞ്ഞു,’ എന്നാണ് സുജിത് ദാസ് ഐപിഎസ് എംഎല്‍എയോട് പറയുന്നത്.

അതേസമയം ഫോണ്‍ വിളി വിവാദത്തില്‍ സുജിത് ദാസ് ഐപിഎസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കി. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റെയിഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനെ ഫോണില്‍ വിളിച്ചുസംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷം പുറത്ത് വന്നിരുന്നു.