തീവ്രവാദം ഉപേക്ഷിക്കുകയും രാസായുധ ശേഖരം നശിപ്പിക്കുകയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പുതിയ സിറിയന്‍ സര്‍ക്കാരിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.

പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പുറത്താക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുള്ള അധികാര കൈമാറ്റം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സിറിയയിലെ ഗ്രൂപ്പുകളുമായും പ്രാദേശിക പങ്കാളികളുമായും ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ് ഏതൊക്കെ ഗ്രൂപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടും പ്രധാന സിറിയന്‍ വിമത ഗ്രൂപ്പുമായുള്ള ചര്‍ച്ചകള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തള്ളിക്കളഞ്ഞിട്ടില്ല.

‘പരിവര്‍ത്തന പ്രക്രിയയും പുതിയ ഗവണ്‍മെന്റും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പൂര്‍ണ്ണമായി മാനിക്കുന്നതിനും, തീവ്രവാദത്തിന്റെ താവളമായി ഉപയോഗിക്കുന്നതില്‍ നിന്നും അല്ലെങ്കില്‍ അയല്‍ക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ നിന്നും സിറിയയെ തടയുന്നതിനുമുള്ള വ്യക്തമായ പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കണം. രാസ അല്ലെങ്കില്‍ ജൈവ ആയുധ ശേഖരം സുരക്ഷിതമായി നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക,” ബ്ലിങ്കെന്‍ പറഞ്ഞു.